തിരുവനന്തപുരം: ആണവക്കരാറിന്റെ പേരില്‍ യു.പി.എ സര്‍ക്കാരിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന പ്രമേയം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് തനിക്ക് കോടികളുടെ കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.
‘എന്റെ കാലം, എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. വ്യാഴാഴ്ചയാണ് ആത്മകഥ പുറത്തിറങ്ങുന്നത്.
‘യു.പി.എ. സര്‍ക്കാരിനു ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രണബ് മുഖര്‍ജി ഏറ്റെടുത്തു. ഭൂരിപക്ഷം ഉറപ്പിക്കുകയെന്നു പറഞ്ഞാല്‍ കുറെ എം.പി.മാരെ ചാക്കിലാക്കുക എന്നാണര്‍ഥം. ഒരു സായാഹ്നത്തില്‍ പ്രത്യേകിച്ചു പരിപാടിയൊന്നുമില്ലാതെ നമ്പര്‍ 20, ആര്‍.പി. റോഡില്‍ തനിച്ചിരിക്കുമ്പോള്‍ ‘ചാക്കു’മായി രണ്ടുപേര്‍ വന്നു. പ്രണബിന്റെ നിര്‍ദേശപ്രകാരമാണ് വരവെന്നു വിശദീകരിക്കപ്പെട്ടു.
സ്വതന്ത്ര എം.പി. എന്ന നിലയില്‍ വിപ്പ് ലംഘനം ഉണ്ടാവാത്തതിനാല്‍ ഞാന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യണം. കഴിയില്ലെങ്കില്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കണം. രണ്ടിനും പ്രതിഫലമുണ്ട്. ചോദ്യക്കോഴയില്‍ എം.പി.മാരെ കുടുക്കിയ സ്റ്റിംഗ് ഓപ്പറേഷന്‍ പെട്ടെന്ന് ഓര്‍മയില്‍ വന്നതിനാല്‍ പ്രതിഫലം എത്രയെന്നു ചോദിക്കാതെ ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു
അതു സ്റ്റിംഗ് ഓപ്പറേഷനായിരുന്നില്ലെന്ന് അടുത്തദിവസം വയലാര്‍ രവിയെ കണ്ടപ്പോള്‍ മനസ്സിലായി. പ്രണബിന്റെ ലിസ്റ്റില്‍നിന്ന് എന്റെ പേര് നീക്കംചെയ്യിച്ചതായി എന്നെ അറിയാവുന്ന രവി പറഞ്ഞു. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു വയലാര്‍ രവി. പ്രണബിന്റെ ദൂതര്‍ കോടികള്‍ എന്നു പറഞ്ഞതായാണ് എന്റെ ഓര്‍മ,’ അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
1997ല്‍ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ് ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍ ആദ്യമായി ലോക്‌സഭയിലെത്തിയത്.
പിന്നീട് 2003-ല്‍ പതിമൂന്നാം ലോക്‌സഭയിലേക്കും ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 2004-ല്‍ നടന്ന പതിനാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും സെബാസ്റ്റ്യന്‍ പോള്‍ എറണാകുളത്തു നിന്ന് വിജയിച്ചു.