| Tuesday, 27th September 2022, 8:54 pm

ഗെലോട്ടിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിയെടുക്കണം; സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കോണ്‍ഗ്രസ് നിരീക്ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സോണിയ ഗാന്ധിയെ സമീപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അശോക് ഗെലോട്ടിന്റെ മൂന്ന് വിശ്വസ്തര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്.

മന്ത്രിമാരും ചീഫ് വിപ്പും ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് കോണ്‍ഗ്രസ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും ആണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ജയ്പൂരില്‍ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടിയുടെ (സി.എല്‍.പി) യോഗം അനുവദിക്കാതെ പാരലല്‍ യോഗം സംഘടിപ്പിച്ച രാജസ്ഥാന്‍ എം.എല്‍.എമാരുടെ ഭാഗത്തുണ്ടായ അച്ചടക്കമില്ലായ്മയാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ നേരിട്ട് പരാമര്‍ശമില്ല.
സെപ്റ്റംബര്‍ 25നായിരുന്നു അശോക് ഗെലോട്ടിന്റെ വിശ്വസ്തര്‍ നിയമസഭാ സ്പീക്കര്‍ സി.പി. ജോഷിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.

ഗെലോട്ടിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്താല്‍ ഗെലോട്ട് ക്യാമ്പില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്ര നേതൃത്വത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങളും നടന്നിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. 2020 ല്‍ അശോക് ഗെലോട്ടിനെതിരെ പ്രതിഷേധം നയിച്ച സച്ചിന്‍ പൈലറ്റിന്റെ നിയമനത്തിന് എതിരാണെന്നാണ് എം.എല്‍.എമാര്‍ രാജിക്കത്തില്‍ സൂചിപ്പിച്ചിരുന്നത്.

നേരത്തെ മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്താനവും ഒരുമിച്ച് വഹിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗെലോട്ട് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നു.

Content Highlight: Congress observers submitted report to sonia gandhi seeking disciplinary action against gehlot’s  loyalists

We use cookies to give you the best possible experience. Learn more