ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
പാലക്കാട്: സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തില്‍ പിടഞ്ഞു വീണ വാരിയം കുന്നത്ത് നായകന്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന അദ്ധ്യക്ഷന്‍ സുമേഷ് അച്യുതന്‍. ആ നായകന്റെ ചലചിത്ര ആവിഷ്‌കാരത്തിന് സംഘപരിവാര്‍ തടസ്സം നിന്നാല്‍ കോണ്‍ഗ്രസ് ഒ.ബി.സി.വിഭാഗം അത് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന്‍ തൃണവല്‍ഗണിച്ച് പോരാടിയ സ്വാതന്ത്ര്യ സമര സേനാനി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിന് ചലചിത്ര ഭാഷ്യം വരുന്നതിനെതിരെ സംഘപരിവാര്‍ ഭീഷണിയുമായി എത്തിയിരിക്കുകയാണ്.
1921-ലെ മലബാര്‍ കലാപം ഹിന്ദു -മുസ്ലിം ലഹളയായി ചിത്രീകരിക്കാനും അതില്‍ സംഘടിതമായി ഹിന്ദുക്കള്‍ക്കള്‍ക്കു നേരെ ആക്രമണമുണ്ടായി എന്നുമാണ് സംഘ പരിവാര്‍ ഭാഷ്യമെന്ന് സുമേഷ് അച്യൂതന്‍ പറഞ്ഞു.
എന്നാല്‍ മലബാര്‍ കലാപം ബ്രിട്ടീഷ് ഭരണത്തില്‍ തടിച്ചു കൊഴുത്ത സമ്പന്നരും അടിച്ചമര്‍ത്തപ്പെട്ട സാധാരണക്കാരും തമ്മിലുള്ള കലഹമായിരുന്നു. തങ്ങള്‍ കൃഷിയിടങ്ങളില്‍ ഒഴുക്കിയ വിയര്‍പ്പിലും ചോരയിലും തടിച്ചു കൊഴുത്ത സമ്പന്നര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ പോരാടിയ സാധാരണക്കാര്‍ സമ്പന്ന – ഭൂപ്രഭുക്കളുടെ കുടുംബക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടതായി കാണാന്‍ കഴിയും. ഈഴവരുള്‍പ്പെടെയുള്ള പിന്നോക്കകാരേയും പട്ടികജാതിക്കാരേയും ഹിന്ദുക്കളായി കാണാന്‍ കഴിയാത്ത സവര്‍ണ്ണ മേധാവികള്‍ ഈ വിഭാഗങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല എന്നതാണ് വസ്തുത. സവര്‍ണ്ണ ഭൂപ്രഭുക്കളുടെ യഥാര്‍ത്ഥ മുഖം വാരിയംകുന്നത്തിന്റെ ചലചിത്രത്തിലൂടെ കൂടുതല്‍ വ്യക്തമാകുമെന്ന പരിഭ്രാന്തിയാണ് സംഘപരിവാറിനെ നയിക്കുന്നത്. സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തില്‍ പിടഞ്ഞു വീണ വാരിയം കുന്നത്ത് നായകന്‍ തന്നെയാണെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.
ആ നായകന്റെ ചലചിത്ര ആവിഷ്‌കാരത്തിന് സംഘപരിവാര്‍ തടസ്സം നിന്നാല്‍ കോണ്‍ഗ്രസ് ഒ.ബി.സി.വിഭാഗം അത് ചെറുക്കും. ചിത്രീകരണത്തിന് സംരക്ഷണം നല്‍കാന്‍ കോണ്‍ഗ്രസ് ഒബിസി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. ചരിത്രത്തെ ഭയക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചരിത്ര രേഖകളെ കത്തിക്കുകയും ചരിത്ര സ്മാരകങ്ങളെ പേരു മാറ്റുകയും ചെയ്യുന്ന സംഘ പരിവാറിന്റെ ചലചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുളള കൊലവിളി നേരിടുക തന്നെ ചെയ്യുമെന്നും സുമേഷ് അച്യൂതന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.