കനയ്യയ്ക്കു പിന്നാലെ പ്രകാശ് രാജിനും കോണ്‍ഗ്രസ് പിന്തുണയില്ല: ബംഗളൂരു സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി
2019 loksabha elections
കനയ്യയ്ക്കു പിന്നാലെ പ്രകാശ് രാജിനും കോണ്‍ഗ്രസ് പിന്തുണയില്ല: ബംഗളൂരു സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 12:23 pm

 

ബംഗളൂരു: ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ ബംഗളൂരു സെന്‍ട്രലില്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന പ്രകാശ് രാജിന് കോണ്‍ഗ്രസിന്റെ പിന്തുണയില്ല. പ്രകാശ് രാജിനെതിരെ കോണ്‍ഗ്രസിന്റെ യുവ നേതാവ് റിസ്വാന്‍ അര്‍ഷദാണ് മത്സരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിലാണ് ബംഗളൂരു സെന്‍ട്രലില്‍ റിസ്വാന്‍ അര്‍ഷദിനെ പ്രഖ്യാപിച്ചത്.

ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രകാശ് രാജ് ഇതിനകം തന്നെ പ്രചരണരംഗത്തും സജീവമാണ്. ഇടതുപാര്‍ട്ടികളും മണ്ഡലത്തില്‍ കഴിഞ്ഞ തവണ നാല്‍പ്പതിനായിരത്തോളം വോട്ട് നേടിയ ആം ആദ്മി പാര്‍ട്ടിയും പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാമെന്ന് പ്രചരണത്തിനിടെ പ്രകാശ് രാജ് പറഞ്ഞിരുന്നു.

“ഞാന്‍ ബി.ജെ.പിയുടെ വാഴ്ച നിര്‍ത്തലാക്കാന്‍ ശ്രമിക്കുന്നയാളാണ്. കോണ്‍ഗ്രസിന് അങ്ങനെ വേണമെന്നുണ്ടെങ്കില്‍ അവര്‍ എന്നെ പിന്തുണക്കട്ടെ”.

Also read:ഇന്ത്യക്കാരെ ഇടക്കിടെ പാകിസ്ഥാനിലേക്കയക്കുന്ന ഗിരിരാജ് സിങ്ങിന്റെ മൗലികവാദ നിലപാടുകള്‍ക്കെതിരെയാണ് എന്റെ പോരാട്ടം; കനയ്യ കുമാര്‍

നേരത്തെ ജെ.എന്‍.യു.എസ്.യു മുന്‍ നേതാവ് കനയ്യകുമാറിനും കോണ്‍ഗ്രസ് പിന്തുണ നിഷേധിച്ചിരുന്നു. ബെഗുസാരയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പിന്തുണയോടെ കനയ്യകുമാര്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ബീഹാറിലെ മഹാസഖ്യത്തില്‍ കനയ്യകുമാറിന് സീറ്റ് നല്‍കാന്‍ സഖ്യം വിസമ്മതിക്കുകയായിരുന്നു. സി.പി.ഐയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ബെഗുസാരായി നേരത്തെ സി.പി.ഐ ജയിച്ചിട്ടുള്ള മണ്ഡലം കൂടിയാണ്. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്നാണ് ബെഗുസാരായി അറിയപ്പെട്ടിരുന്നത്.

മണ്ഡലത്തില്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയായ തന്‍വീര്‍ ഹസനെ നിര്‍ത്താനാണ് ആര്‍.ജെ.ഡി ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി