സി.പി.ഐ.എം വോട്ട് അസാധുവായി; പാലക്കാട് ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
Kerala Politics
സി.പി.ഐ.എം വോട്ട് അസാധുവായി; പാലക്കാട് ബി.ജെ.പിയ്‌ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th April 2018, 11:30 am

പാലക്കാട്: ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ആദ്യ പ്രമേയത്തിന് തിരിച്ചടി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെതിരായ പ്രമേയമാണ് പരാജയപ്പെട്ടത്. സി.പി.ഐ.എം അംഗത്തിന്റെ വോട്ട് അസാധുവായതാണ് പ്രമേയത്തിന് തിരിച്ചടിയായത്.

എല്‍.ഡി.എഫ് സ്വതന്ത്ര എം.കെ സാജിത ഒപ്പുരേഖപ്പെടുത്താന്‍ വിട്ടുപോയതിനാലാണ് വോട്ട് അസാധുവായത്. ആകെ എട്ട് അംഗങ്ങളുള്ള സ്ഥിരം സമിതിയില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും മൂന്നു വീതവും എല്‍.ഡി.എഫിന് രണ്ട് അംഗങ്ങളുമാണുള്ളത്. പ്രമേയത്തിന് അനുകൂലമായി നാലും എതിര്‍ത്ത് മൂന്നും വോട്ടുലഭിച്ചു. പകുതിയിലധികം വോട്ട് കിട്ടിയാലേ പ്രമേയം പാസാകൂ.

മൂന്ന് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം നല്‍കിയത്. നഗരസഭയില്‍ ബി.ജെ.പിക്ക് 24ഉം യു.ഡി.എഫിന് 18ഉം എല്‍.ഡി.എഫിന് 9ഉം അംഗങ്ങളാണ് നിലവിലുള്ളത്.

കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞവേളയില്‍ പ്രമേയം കൊണ്ടുവരുന്ന സമയത്ത് നിലപാട് വ്യക്തമാക്കാമെന്നായിരുന്നു സി.പി.ഐ.എം പറഞ്ഞത്. കഴിഞ്ഞദിവസം പ്രമേയത്തെ സി.പി.ഐ.എം പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.