| Wednesday, 12th August 2015, 4:24 pm

ബീഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജെ.ഡി.യുവിനൊപ്പം ഒന്നിച്ച് മത്സരിക്കാന്‍ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്  കക്ഷികള്‍ക്കിടയില്‍ ധാരണയായി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും പാര്‍ട്ടികള്‍ക്കിടയില്‍ തീരുമാനമായിട്ടുണ്ട്. 243 അംഗ നിയമസഭയില്‍ ജെ.ഡി.യു, ആര്‍.ജെ.ഡി കക്ഷികള്‍ 100 വീതം സീറ്റുകളില്‍ മത്സരിക്കും. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഇത് കൂടാതെ എന്‍.സി.പി ഐ.എന്‍.എല്‍.ഡി തുടങ്ങിയ കക്ഷികളും സഖ്യത്തിലുണ്ടാവുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസ് നേതാവ് സി.പി ജോഷി എന്നിവര്‍ ഒരുമിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജനം  ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിരവധി വട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടികള്‍ക്കിടയില്‍ സീറ്റ് ധാരണയായത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 30ന് പട്‌നയില്‍ സ്വാഭിമാന്‍ റാലി സംഘടിപ്പിക്കുമെന്ന് ലാലു പ്രസാദ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ നിതീഷുമായി ചേര്‍ന്നിരുന്ന് പരിഹാരം കണ്ടെത്തുമെന്നും ലാലു മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ബീഹാര്‍ നിയമസഭയില്‍ ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് 115,22, 4 വീതം സീറ്റുകളാണുള്ളത്. ഈ വര്‍ഷം അവസാനം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 5 ഘട്ടങ്ങളിലായാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more