ന്യൂദല്‍ഹി: കോണ്‍ഗ്രസ് നായകനില്ലാത്ത പ്രസ്ഥാനമാണെന്ന ധാരണ തിരുത്താന്‍ എത്രയും പെട്ടന്ന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ ശശി തരൂര്‍. ഇടക്കാല അധ്യക്ഷ ചുമതല സോണിയ ഗാന്ധിയുടെ ചുമലില്‍ അനിശ്ചിതമായി ഏല്‍പ്പിക്കുന്നത് അനീതിയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
‘കോണ്‍ഗ്രസ് നായകനില്ലാത്തതും അനാഥവുമായ പാര്‍ട്ടിയാണെന്ന തോന്നലിനെ ചെറുക്കാന്‍ എത്രയും പെട്ടന്ന് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട്’, തരൂര്‍ പി.ടി.ഐയോട് പറഞ്ഞു.
‘നേതൃത്വത്തിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇടക്കാല അധ്യക്ഷയായി സോണിയ ജിയെ നിയമിച്ചതിനെ ഞാന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഈ ഭാരം അവരുടെ ചുമലില്‍ അനിശ്ചിതമായി ഏല്‍പ്പിക്കുന്നത് അനീതിയാണെന്നാണ് എന്റെ അഭിപ്രായം’, അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് പത്തിന് സോണിയാ ഗാന്ധിയുടെ ഇടക്കാല അധ്യക്ഷ പദവി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ അഭിപ്രായപ്രകടനം.
രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാനുള്ള ഓജസ്സും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. പക്ഷേ, രാഹുലിന് താല്‍പര്യമില്ലെങ്കില്‍ പുതിയ തലവനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. എന്നാല്‍ തല്‍സ്ഥാനത്തേക്ക് രാഹുല്‍ തന്നെ തിരിച്ചെത്തണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം ആവശ്യപ്പെടുന്നത്.
സോണിയ ഗാന്ധിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനം അവസാനിക്കാനിരിക്കെ, രാഹുല്‍ തിരികെയെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ജൂണ്‍ 23ന് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും പാര്‍ട്ടി ലോക്‌സഭ എം.പിമാരുമായി സോണിയ ഗാന്ധി നടത്തിയ ചര്‍ച്ചയിലും രാജ്യസഭ എം.പിമാരുമായുള്ള ആശയവിനിമയത്തിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നിരുന്നു.
പാര്‍ട്ടിയില്‍ മുതിര്‍ന്നവരും യുവ നേതാക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നേതൃത്വമേറ്റെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തമാണെന്നാണ് പല നേതാക്കളും അഭിപ്രായപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക