| Saturday, 25th May 2019, 4:42 pm

സാധാരണ പ്രവര്‍ത്തകനായി തുടരാമെന്ന് രാഹുല്‍; ആ നേതൃത്വം കോണ്‍ഗ്രസിന് ആവശ്യമെന്ന് സുര്‍ജേവാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിസന്നദ്ധത പ്രവര്‍ത്തകസമിതി ഏകകണ്‌ഠേന തള്ളിയതാണെന്നു വ്യക്തമാക്കി പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. സാധാരണ പ്രവര്‍ത്തകനായി തുടരാമെന്നു രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ രാഹുലിന്റെ നേതൃത്വം കോണ്‍ഗ്രസിന് ആവശ്യമാണെന്നും സുര്‍ജേവാല പറഞ്ഞു. നേരത്തേ രാജിക്കാര്യം സുര്‍ജേവാല നിഷേധിച്ചിരുന്നു.

പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനാതലത്തില്‍ മാറ്റം വരുത്താന്‍ സമിതി രാഹുലിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ രൂപരേഖ ഉടന്‍ തയ്യാറാക്കുമെന്നും സുര്‍ജേവാല പറഞ്ഞു. ജനവിധി പ്രവര്‍ത്തകസമിതി അംഗീകരിച്ചെന്നും അദ്ദേഹം അറിയിച്ചു. ഇന്നു ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. ദാരുണമായ പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേതെന്ന വാദം താന്‍ അംഗീകരിക്കുന്നില്ലെന്നാണ് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പറഞ്ഞത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല. പാര്‍ട്ടി ഇക്കാര്യം വിശദമായി സംസാരിക്കും. ഇന്നു പൊതുവിലുള്ള കാര്യങ്ങളാണു ചര്‍ച്ച ചെയ്യതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ രാഹുല്‍ രാജിവെച്ചെന്നും അതു പ്രവര്‍ത്തകസമിതി തള്ളിയെന്നുമുള്ള വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞതിനുശേഷമായിരുന്നു രാഹുല്‍ രാജി നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസം മുതല്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെ തനിക്കാണു തോല്‍വിയുടെ ഉത്തരവാദിത്വമെന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞു. എന്നാല്‍ രാജിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിക്കരുതെന്നും രാഹുല്‍ തന്നെ അധ്യക്ഷനായി തുടരണമെന്നുമാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

52 അംഗങ്ങളാണു സമിതിയിലുള്ളത്. രാഹുലിനെക്കൂടാതെ പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറല്‍ സെക്രട്ടറിമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരാണു സമിതിയിലുള്ളത്. എന്നാല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണോ ഇതെന്ന കാര്യം വ്യക്തമല്ല. പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളിലേക്ക് കൃത്യമായി എത്തിയിട്ടില്ലെന്നും ‘ന്യായ്’ പദ്ധതി ജനങ്ങളുടെ മുന്നിലേക്ക് നേരത്തെ അവതരിപ്പിക്കണമായിരുന്നുവെന്നും പ്രചരണ രംഗത്ത് പ്രിയങ്ക നേരത്തെ എത്തണമായിരുന്നുവെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

2014-ല്‍ പാര്‍ട്ടിയുടെ എക്കാലത്തെയും മോശം സീറ്റ് നേട്ടമായ 44-ലേക്കെത്തിയപ്പോള്‍ അന്നത്തെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജിവെയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്ന മുറുമുറുപ്പുകളെ അവര്‍ അവഗണിച്ചു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന എതിര്‍പ്പിന് അന്നത്തേക്കാളേറെ ശബ്ദം കൂടുതലാണ്. രണ്ടുതവണ തുടര്‍ച്ചയായി പൊതുതെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ടത് പാര്‍ട്ടി അണികളിലും അതൃപ്തിയുണ്ടാക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more