| Sunday, 16th June 2019, 5:14 pm

കോണ്‍ഗ്രസിന് വലിയ ശസ്ത്രക്രിയ അനിവാര്യം; ഉരുക്ക് മുഷ്ടികൊണ്ട് രാഹുല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലാപം ശമിപ്പിക്കണമെന്നും വീരപ്പമൊയിലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടേണ്ടി വന്ന പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന് ഒരു വലിയ ശസ്ത്രക്രിയ ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയിലി. രാഹുല്‍ഗാന്ധി തന്റെ ഉരുക്ക് മുഷ്ടിയാല്‍ എല്ലാ തലത്തിലും തെരഞ്ഞെടുപ്പ് നടത്തികൊണ്ട് പാര്‍ട്ടിക്കകത്ത് ഒരു സമ്പൂര്‍ണ്ണ പരിശോധന നടത്തണമെന്നും ആഭ്യന്തരകലാപം ശമിപ്പിക്കണമെന്നും വീരപ്പമൊയിലി ആവശ്യപ്പെട്ടു.

എ.ഐ.സി.സിയുടെ ചുമതലയുള്ളവരും സംസ്ഥാന നേതൃത്വവും പാര്‍ട്ടിയെ മോശം സ്ഥിതിയിലെത്തിച്ചെന്നും രാഹുലിന് ഒറ്റക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്നും വീരപ്പമൊയിലി പറഞ്ഞു. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ രാഹുലിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ”ഞങ്ങള്‍ക്ക് പാര്‍ട്ടിയില്‍ ഒരു വലിയ ശസ്ത്രക്രിയ നടത്തണം”എന്ന് വീരപ്പമൊയ്‌ലി പറഞ്ഞത്.

‘എല്ലാ തലത്തിലുമുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തണം.അതുവഴി നമുക്ക് പുതിയ രക്തമുണ്ടെന്ന് ലോകത്തിനും രാജ്യത്തിനും കാട്ടികൊടുക്കാന്‍ കഴിയും. പുതിയ രക്തം ,അത് പ്രധാനമാണ്. ഇതാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്.അദ്ദേഹത്തിന് ഒറ്റക്ക് അത് ചെയ്യാന്‍ കഴിയും. വീരപ്പ മൊയിലി പറഞ്ഞു.

നേരത്തെ രാഹുലിന് അധ്യക്ഷസ്ഥാനം രാജിവെക്കാനാണ് താല്‍പ്പര്യമെങ്കില്‍ അദ്ദേഹം പാര്‍ട്ടിയെ പുനക്രമീകരിച്ചതിന് ശേഷമെ അത് ചെയ്യാവൂവെന്ന് വീരപ്പമൊയിലി പറഞ്ഞിരുന്നു.രാജി നിര്‍ബന്ധമാണെങ്കില്‍ ഏറ്റവും ഉചിതമായ വ്യക്തിയില്‍ മാത്രമെ സ്ഥാനം ഏല്‍പ്പിക്കാന്‍ പാടുള്ളുവെന്നും വീരപ്പമൊയിലി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more