| Tuesday, 28th July 2020, 2:23 pm

'കോണ്‍ഗ്രസിന് വേണ്ടത് ഒരു യുവനേതാവ്, അദ്ദേഹം ഏറ്റവും അനുയോജ്യനും'; ഉള്ളിലുള്ളത് തുറന്നുപറഞ്ഞ് അമരിന്ദര്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തലമുറകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അമരിന്ദര്‍ സിങ്. മുതിര്‍ന്നവരും യുവാക്കളും തമ്മില്‍ എല്ലായിടത്തും ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്. അതിനെ മുതലെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് അവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അമരിന്ദര്‍ സിങ് പറഞ്ഞു.

‘രാഷ്ട്രീയത്തില്‍ പ്രവേശിച്ച് 16-17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ആദ്യമായി മന്ത്രിയാകുന്നത്. ഇപ്പോള്‍ എല്ലാവരും അവരുടെ ആദ്യ ടേമില്‍ത്തന്നെ മന്ത്രിയാവണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ, അത് സംഭവിക്കണമെന്നില്ല. എല്ലാവരും അവരവരുടെ ഊഴത്തിനായി കാത്തിരിക്കണം’, അമരിന്ദര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണെന്നും അമരിന്ദര്‍ തുറന്നുപറഞ്ഞു. പക്ഷേ, രാഹുല്‍ ഇപ്പോഴും അക്കാര്യത്തോട് വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സമവായത്തോടെ എടുക്കുന്ന തീരുമാനമാണ്. രാഹുല്‍ ഗാന്ധിയാണ് ആ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി. അദ്ദേഹം ചെറുപ്പമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും 40 വയസിന് താഴെയുള്ളവരാണ്. അതുകൊണ്ട് രാഹുല്‍ ആ പദവി ഏറ്റെടുക്കേണ്ടത് രാജ്യത്തിന്റെ തന്നെ ഇന്നത്തെ ആവശ്യമാണ്. യുവതലമുറയാണ് കോണ്‍ഗ്രസിനെ ഇനി ഏറ്റെടുക്കേണ്ടത്’, അമരിന്ദര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ ഭൂരിപക്ഷ ജനസംഖ്യയോട് സംവദിക്കാന്‍ കഴിയുന്നതും അവരുടെ കാഴ്ചപ്പാടുകളും സ്വപ്‌നങ്ങളും മനസിലാക്കുകയും അത് സാക്ഷാത്കരിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു യുവ നേതാവിനെ കോണ്‍ഗ്രസിന് ആവശ്യമാണെന്നും അമരിന്ദര്‍ സിങ് പറഞ്ഞു.

സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയാണെന്നതില്‍ തര്‍ക്കമില്ല. അവര്‍ നേരത്തെ പാര്‍ട്ടിയെ നയിച്ചിരുന്നെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചുമതലയേല്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more