| Saturday, 4th May 2019, 1:34 pm

പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസിന് 20 മണ്ഡലങ്ങളിലും ആവശ്യമുണ്ട്, വാരാണസിയില്‍ മാത്രമായി അവര്‍ ഒതുങ്ങരുത്; സാം പിത്രോഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കാത്തത് മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 20 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്.

മോദിയെ വാരാണസിയില്‍ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണോ പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്ന് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പിത്രോഡ. ‘മത്സരിക്കുന്ന കാര്യം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അത് പാര്‍ട്ടിയും വ്യക്തിയും തമ്മിലുണ്ടാവേണ്ട തീരുമാനമാണ്. പാര്‍ട്ടിയും വ്യക്തിയും ഒരുമിച്ചൊരു തീരുമാനമെടുത്താല്‍ ഞങ്ങള്‍ അതിനെ പിന്തുണക്കേണ്ടിയതുണ്ട്’- പിത്രോഡ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘പ്രിയങ്കയുടെ സമയവും കഴിവും 20 സീറ്റുകളിലുമായി കേന്ദ്രീകരിക്കുന്നതിന് പകരം അത് ഒരു സീറ്റിലേക്ക് മാത്രമായി ഒതുക്കുന്നത് നല്ലതല്ലെന്ന് അവര്‍ക്ക് തോന്നിക്കാണും’- പിത്രോഡ പറയുന്നു.

മോദിക്കെതിരെ വാരാണസിയില്‍ നിന്നും മത്സരിക്കുന്നില്ലെന്ന തീരുമാനത്തിനു പിന്നാലെ പ്രിയങ്കയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ കൂടെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ എടുത്ത തീരുമാനം ബി.ജെ.പിയെ സഹായിക്കുമെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു.

മോദിക്കെതിരെ കോണ്‍ഗ്രസ് 2014ല്‍ മത്സരിച്ച അജയ് റായിയെ തന്നെയാണ് ഈ വര്‍ഷവും വാരാണസിയില്‍ നിന്നും മത്സരിപ്പിക്കുന്നത്. 2014ല്‍ മോദിക്കും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനും പിന്നില്‍ മൂന്നാമതായിരുന്നു അജയ്.

2014ല്‍ മോദി 5.81 ലക്ഷം വോട്ടുകള്‍ വാരാണസിയില്‍ നിന്നും നേടിയപ്പോള്‍ അജയ്ക്ക് നേടാനായത് വെറും 75,614 വോട്ടുകളായിരുന്നു. അഞ്ചു തവണ എം.എല്‍.എ ആയ അജയ് ഭൂമിഹാര്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്.

തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടമായ മെയ് 23നാണ് വാരാണസിയില്‍ തെരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more