| Friday, 3rd July 2020, 5:45 pm

കൂടിയാലോചനകളില്ലാതെ ഉദ്ദവ് താക്കറെ; മഹാരാഷ്ട്രയില്‍ എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഇഷ്ടക്കേട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരില്‍ കോണ്‍ഗ്രസ് നേരത്തെ ചില വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സഖ്യകക്ഷികളില്‍ പ്രധാനികളായ എന്‍.സി.പിക്കും ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നുണ്ടെന്നാണ് പുതിയ വിവരം.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ പ്രതിരോധം ശക്തമാക്കുന്നതില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് വന്നിട്ടുള്ള പാളിച്ചകളോടാണ് കോണ്‍ഗ്രസ്, എന്‍.സി.പി മന്ത്രിമാര്‍ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. മുംബൈയിലും സമീപ ജില്ലകളിലും താക്കറെ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ ലോക്ഡൗണ്‍ രീതികളില്‍ വിശ്വാസമില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്.

ഇക്കാര്യത്തില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും വ്യാഴാഴ്ച യോഗം ചേര്‍ന്നിരുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലുള്ള ഏകപക്ഷീയമായ രീതി ഇരുവരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നില്ല എന്നതാണ് എന്‍.സി.പി, കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉന്നയിക്കുന്ന പ്രശ്‌നം. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പവാര്‍ ഉടന്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

വ്യാഴാഴ്ച വൈകുന്നേരം ഉപമുഖ്യമന്ത്രി അജിത് പവാര്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്ക്ഡൗണിലെ ഇളവുകളുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ഉദ്ദവ് താക്കറെ തങ്ങളുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന പരാതി കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഉദ്ദവ് താക്കറെയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more