ഭുവനേശ്വര്‍: ജമ്മു കശ്മീരിലെ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി. കോണ്‍ഗ്രസ് അധികാരത്തിനായി കണ്ണടയ്ക്കുന്നെന്ന് മാജി വിമര്‍ശിച്ചു. ജമ്മു കശ്മീരില്‍ പ്രത്യേക പതാക എന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആവശ്യം പാര്‍ട്ടി പിന്തുണയ്ക്കുമോ എന്ന കാര്യം രാഹുല്‍ ഗാന്ധി വിശദമാക്കണമെന്നും സുരക്ഷയെയും പരമാധികാരത്തേയും ചോദ്യം ചെയ്യുന്ന ദേശവിരുദ്ധ ഘടകങ്ങളുമായി സഖ്യം ചെയ്യുന്നതിനേയും മാജി വിമര്‍ശിച്ചു.
അധികാരത്തിനായി കോണ്‍ഗ്രസ് രാജ്യത്തിനകത്ത് അരാജകത്വവും അസ്ഥിരതയും ശത്രുതയും സൃഷ്ടിക്കുന്നുവെന്നും മാജി പറയുന്നു. വിഭജനവും ദേശവിരുദ്ധവുമായ ഘടകങ്ങളോട് സഖ്യമുണ്ടാക്കുന്നത് ജനങ്ങളുടെ താത്പര്യങ്ങളേയും രാജ്യത്തിന്റെ സുരക്ഷയെയും അപകടത്തിലാക്കുകയാണെന്നും ഇത് രാജ്യത്തിന് ഭീഷണിയാണെന്നും മാജി വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ദളിത്, ഗുജ്ജറാസ് തുടങ്ങിയവരുടെ സംവരണസീറ്റിനുള്ള അവകാശങ്ങള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നിഷേധിക്കുന്നുവെന്നും ഇതിനോട് കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോയെന്നും മാജി ചോദിക്കുന്നു.
ജമ്മു കശ്മീരില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ഇവര്‍ തമ്മിലുള്ള സഖ്യം പ്രഖ്യാപിക്കുകയായിരുന്നു.