| Tuesday, 27th August 2019, 7:34 pm

മോദിയെ പ്രശംസിക്കുന്ന ട്രെന്റ് കോണ്‍ഗ്രസിന്റെ പുതിയ തന്ത്രമോ?; പ്രത്യയശാസ്ത്രപരമായ ഭിന്നതയെന്ന് ഒരു വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ട് കഴിഞ്ഞദിവസങ്ങളില്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള് രംഗത്തെത്തിയിരുന്നു. ‘2014 നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിതെന്ന് പറഞ്ഞുകൊണ്ട് ആദ്യം രംഗത്തെത്തിയത് കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് ആയിരുന്നു. പിന്നാലെ ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തി.

നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്.

ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് മനു സിങ്വിയും രംഗത്തെത്തിയിരുന്നു.മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ്’ എന്നും ‘വ്യക്താധിഷ്ഠിതമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ്’ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നുമായിരുന്നു സിങ്വി പറഞ്ഞത്. കശ്

നേരത്തെ കശ്മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചുകൊണ്ട് ഭൂപിന്ദര്‍ സിംഗ് ഹൂഡ, ദീപീന്ദര്‍ ഹൂഡ, ജ്യോതിരാദിത്യ സിന്ധ്യ, കുല്‍ദീപ് ബിഷ്‌നോയി അടക്കം നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ സമീപകാലത്ത് രൂപപ്പെട്ട ഈ ട്രെന്റ് കോണ്‍ഗ്രസ് തന്ത്രം മാറ്റി കളിക്കുന്നതാണോ അതോ പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രത്യയശാസ്ത്രപരമായ ഭിന്നത രൂപപ്പെട്ടോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

യു.പി.എ ഭരണകാലഘട്ടം മുതല്‍ ബി.ജെ.പിയിലേക്ക് പോയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഏകമാര്‍ഗമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. പക്ഷപാതമില്ലാത്ത ബി.ജെ.പി വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ മാത്രമെ കോണ്‍ഗ്രസിന് തിരിച്ചുവരാനാവുവെന്ന് ശശി തരൂരും അഭിപ്രായപ്പെടുന്നു.

നരേന്ദ്രമോദിയെ നിരന്തരം വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന അകറ്റുമെന്നും വോട്ടര്‍മാരെ തിരിച്ച് കൊണ്ടുവരുന്നത് ഇതിലൂടെ അസാധ്യമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ കൂടുതല്‍ മോദിയെ വിമര്‍ശിക്കുന്നതിലൂടെ അദ്ദേഹമൊരു കരുത്തനായി ജനങ്ങളില്‍ അഭിപ്രായം രൂപപ്പെടുന്നുവെന്ന് ഇവര്‍ക്കഭിപ്രായമുണ്ട്, പകരം വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ആക്രമണമാണ് നടത്തേണ്ടതെന്ന് ഇവര്‍ നിര്‍ദേശിക്കുന്നു

മറ്റൊരു കാര്യം വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍ മോദിക്ക് വലിയ സ്വാധീനമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. മുത്തലാഖ്, കശ്മീര്‍ വിഷയം, തുടങ്ങിയ സമകാലിക വിഷയങ്ങളില്‍ മോദിയെ കടന്നാക്രമാക്കുന്നത് ഹിന്ദുക്കള്‍ക്കെതിരെയുള്ള നീക്കമാവുമെന്ന് തെറ്റിദ്ധരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇത് പാര്‍ട്ടിയുടെ പതനത്തിലേക്ക് വഴിവച്ചെക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. അതേസമയം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനമാണ് നടത്തേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

മഹാരാഷ്ട്ര, ഹരിയാന ജാര്‍ഗണ്ഡ് അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പ്രാദേശിക വിഷയങ്ങളിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചരണമാവും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗണ്ഡിലും പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമായിരുന്ന നടത്തിയത,് അവിടെ വിജയിച്ചിരുന്നു. അതേ സമീപനമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നടത്തേണ്ടതെന്നും ഇവര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അത്തരത്തില്‍ ഇപ്പോള്‍ സിങ്വി പറഞ്ഞതുപോലെ കോണ്‍ഗ്രസ് അവരുടെ സമീപനം മാറ്റി കൂടുതല്‍ വിഷയാധിഷ്ടിതമായി പ്രശ്‌നങ്ങളെ സമീപിക്കാന്‍ ഒരുങ്ങിയതാവണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച ജ്യോതിരാദിത്യ സിന്ധ്യയെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുല്‍ സ്വീകരിച്ച സമീപന്നത്തില്‍ നിന്ന് വിട്ട് പോയതായിരിക്കാം കോണ്‍ഗ്രസിന്റെ മോദി സ്തുതിയെന്ന് ചില നേതാക്കള്‍ കരുതുന്നു. എന്നാല്‍ ചൗക്കിദാര്‍ ചോര്‍ഹെ മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷത്തിന്റെ മുഖമായി മാറാന്‍ രാഹുലിന് കഴിഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായിരുന്നില്ല.

Latest Stories

We use cookies to give you the best possible experience. Learn more