ന്യൂദല്‍ഹി: നേതൃത്വത്തിനെതിരെ വിമതസ്വരമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ താരപ്രചാര പട്ടിക.
ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, രാജ് ബബ്ബര്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഇല്ല. അതേസമയം വിമതരിലെ മനീഷ് തിവാരി, ജിതിന്‍ പ്രസാദ എന്നിവര്‍ പട്ടികയിലുണ്ട്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങി 30 നേതാക്കളുടെ പട്ടികയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിലാണ് 23 നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയത്. ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ശശി തരൂര്‍, എം. വീരപ്പ മൊയ്ലി, മനീഷ് തിവാരി, മിലിന്ദ് ദേവ്‌റ, രേണുക ചൗധരി, ജിതിന്‍ പ്രസാദ, മുകുള്‍ വാസ്‌നിക്, പി.ജെ.കുര്യന്‍ തുടങ്ങിയ പ്രമുഖ നേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരുന്നത്.
ഈ വര്‍ഷവും നേതൃത്വത്തിനെതിരെ ജി-23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജമ്മുവില്‍ ഗുലാംനബി ആസാദ് ചെയര്‍മാനായ ‘ഗാന്ധി ഗ്ലോബല്‍ ഫാമിലി’ എന്ന എന്‍ജിഒ സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലായിരുന്നു ജി23 എന്നറിയപ്പെടുന്ന നേതാക്കളില്‍ ചിലര്‍ ഒത്തുചേര്‍ന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക