ഭോപാല്‍: മധ്യപ്രദേശില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയെന്നത് കള്ളമാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന് കോണ്‍ഗ്രസിന്റെ മറുപടി. വായ്പ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടെയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തുറന്ന ജീപ്പില്‍ ചൗഹാന്റെ വീട്ടില്‍ കൊണ്ട് പോയി നല്‍കിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പചൗരിയുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ 21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പാ ഇളവ് പദ്ധതിയിലൂടെ മധ്യപ്രദേശില്‍ ഗുണം ലഭിച്ചിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷം പേരിലേക്ക് എത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
15 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തക തകര്‍ത്ത് കൊണ്ടായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രധാനമായും കോണ്‍ഗ്രസിന്റെ പ്രചരണം. അധികാരത്തിലേറിയ ഉടന്‍ തന്നെ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയിരുന്നു.
ഇത് ചോദ്യം ചെയ്തതോടെയാണ് തെളിവ് നിരത്തിക്കൊണ്ട് മറുപടി കൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായത്. ചൗഹാന്റെ വീട്ടിലെത്തി രേഖകള്‍ കൈമാറുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.