| Monday, 20th May 2019, 12:40 pm

കോണ്‍ഗ്രസ് ഉറപ്പായും മരിക്കണം; രൂക്ഷ പരാമര്‍ശവുമായി തെരഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്രയാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ പരാമര്‍ശവുമായി തെരഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്രയാദവ്. കോണ്‍ഗ്രസ് തകരണം എന്നായിരുന്നു യോഗേന്ദ്രയാദവിന്റെ പ്രസ്താവന.

കോണ്‍ഗ്രസ് ഉറപ്പായും മരക്കണം. ഇന്ത്യയെ സംരക്ഷിക്കാനായി ഈ തെരഞ്ഞെടുപ്പില്‍ അവര്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ പാര്‍ട്ടിക്ക് യാതൊരു പ്രസക്തിയുമുണ്ടാകില്ല. ഇന്ന് അവര്‍ നേരിടുന്ന ഏറ്റവും വലിയ തടസ്സം
ബദല്‍ സൃഷ്ടിക്കുക എന്നതാണ്. യാദവ് ട്വിറ്ററില്‍ കുറിച്ചു.

അവസാന ഘട്ടവോട്ടെടുപ്പിന് തൊട്ട് മുന്‍പും യോഗേന്ദ്ര യാദവ് എന്‍.ഡി.എ അനുകൂല ഫലം പ്രഖ്യാപിച്ചിരുന്നു. മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്താനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദി പ്രിന്റില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഫലത്തിലെ സാധ്യതകളെ കുറിച്ച് പറയുന്നത്.

ഇന്നലെ പുറത്തു വന്ന വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നും കേരളത്തില്‍ യു.ഡി. എഫിന് വിജയം എന്നുമായിരുന്നു പ്രവചനം.

ആജ് തക് ആക്‌സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നും ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പിക്ക് 306 സീറ്റും ചാണക്യ എക്‌സിറ്റ് പോള്‍ പ്രകാരം340 സീറ്റ് നേടുമെന്നും റിപ്പബ്ലിക് സി വോട്ടര്‍ പ്രകാരം എന്‍.ഡി.എ 287 ും എന്‍.ഡി.ടി.വി എക്‌സിറ്റ്‌പോളില്‍ എന്‍.ഡി.എക്ക് 306 സീറ്റുമാണ് പ്രവചിക്കുന്നത്.

എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ലയെന്നും 1999 മുതലുള്ള എക്സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞിരുന്നു.

എക്സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്നും ഇലക്ട്രാണിക് വോട്ടിംഗ് മെഷീനുകളില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ തിരിമറി നടത്താനോ ഉള്ള തന്ത്രമാണ് ഇപ്പോള്‍ വന്ന എക്സിറ്റ് പോള്‍ ഫലമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more