ന്യൂദല്‍ഹി: “കോണ്‍ഗ്രസ് മുക്ത ഭാരതം” എന്ന ബി.ജെ.പി മുദ്രാവാക്യത്തെ തള്ളിപ്പറഞ്ഞ് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. ഇത് ആര്‍.എസ്.എസ്സിന്റെ ഭാഷയല്ലെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. പൂനെയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് വെറും രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണ്. ദേശനിര്‍മ്മിതിയുടെ ഭാഗമായി എതിരാളികളെ ഉള്‍പ്പെടെ എല്ലാവരേയും ഉള്‍ക്കൊള്ളുക എന്നതാണ് ആര്‍.എസ്.എസ്സിന്റെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് പാര്‍ട്ടിയിലെ ഉന്നത നേതൃത്വമാണ്. ബി.ജെ.പിയുടെ മാര്‍ഗദര്‍ശി ആര്‍.എസ്.എസ്സാണ് എന്നാണ് ഇവര്‍ കരുതുന്നത്. മുക്തമാക്കുക എന്നത് രാഷ്ട്രീയ മണ്ഡലത്തിലെ വാക്കാണ്. ആര്‍.എസ്.എസ്സിന്റെ ഭാഷ ഇതല്ല.
കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം പരാമര്‍ശിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ സ്വപ്‌നം കോണ്‍ഗ്രസ് മുക്ത ഭാരതമായിരുന്നുവെന്നാണ് മോദി അന്ന് പറഞ്ഞത്.
സ്വന്തം കഴിവിലും കുടുംബത്തിലും രാജ്യത്തിലും വിശ്വാസിക്കുന്നതാണ് ഹിന്ദുത്വമെന്നും മോഹന്‍ ഭഗവത് ചടങ്ങില്‍ പറഞ്ഞു. രാജ്യത്ത് മാറ്റം സൃഷ്ടിക്കണമെങ്കില്‍ പോസിറ്റിവായി ചിന്തിക്കുന്ന സമീപനം സ്വീകരിക്കണം. നെഗറ്റീവ് ചിന്താഗതി സംഘര്‍ഷങ്ങള്‍ക്കും വിഭാഗീയതയ്ക്കുമാണ് കാരണമാകുക. ഇത്തരം മാനസിക നിലയുളള ആള്‍ക്ക് ദേശനിര്‍മ്മിതിക്ക് ഒന്നും സംഭാവന ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.