| Friday, 16th June 2023, 1:46 pm

ഗോത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനമാക്കാനാണ് ബി.ജെ.പി ശ്രമം; ആക്രമിക്കപ്പെടുന്നത് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍: ഹൈബി ഈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളും ക്യാമ്പുകളും നേരിട്ട് സന്ദര്‍ശിച്ച് മലയാളി എം.പിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും. മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ അനുമതിയോടെയുള്ള ആസൂത്രിത ആക്രമണങ്ങളാണെന്നും, ഇത് രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണെന്ന് വരുത്തിതീര്‍ക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെടുന്നത് എന്നതാണ് കലാപങ്ങളുടെ പ്രത്യേകതയെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗ്രാമങ്ങള്‍ അപ്പാടെ കത്തിക്കുന്ന സാഹചര്യമുണ്ട്. പക്ഷെ, നഗരമേഖലയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ മാത്രം അക്രമിക്കപ്പെടുകയാണ്. മണിപ്പൂരിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ക്രിസ്ത്യന്‍ വിഭാഗമാണ്. ധാരാളം ചര്‍ച്ചുകളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. ഇവയ്‌ക്കെതിരെ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്.

മലയാളി സിസ്റ്റര്‍മാര്‍ നടത്തുന്ന സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലൊക്കെ സായുധസേന ക്യാമ്പ് ചെയ്യുന്നുണ്ട്. അവരെ സംരക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. എന്നിട്ട് പോലും സ്ത്രീകളുടെ ഉള്‍പ്പെടെ നേതൃത്വത്തില്‍ രാത്രി വന്ന് കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

ബി.ജെ.പിയുടെ തന്നെ ഇരു വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ എം.എല്‍.എമാരോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. അവര്‍ പോലും വലിയ ഭയപ്പാടിലാണ്,’ ഹൈബി ഈഡന്‍ എം.പി പറഞ്ഞു.

മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം മണിപ്പൂരില്‍ നേരത്തേ ഉള്ളതാണെന്നും ഇപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു. ‘ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടുവന്നിട്ടും കേന്ദ്രസേനകളെ വരെ വിന്യസിച്ചിട്ടും 40-45 ദിവസമായി തുടരുന്ന കലാപം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടില്ല.

വീടും സ്വത്തും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും പോലും ലഭിക്കുന്നില്ല. സന്നദ്ധസംഘടനകള്‍ക്ക് സഹായം റോഡുമാര്‍ഗം എത്തിക്കാനാകാത്ത സാഹചര്യമാണ്. ഡിജിറ്റല്‍ ഇന്ത്യയില്‍ മണിപ്പൂരുകാര്‍ക്ക് ഇന്റര്‍നെറ്റ് നഷ്ടപ്പെട്ടിട്ട് ആഴ്ചകളായി. അവിടെ നടക്കുന്നതെന്താണെന്ന് പുറംലോകം അറിയുന്നില്ല. അവര്‍ക്ക് പണം കൈമാറ്റം ചെയ്യാന്‍ പോലും സാധിക്കുന്നില്ല.

പൊലീസിന്റെ മുന്നിലാണ് അക്രമങ്ങള്‍ നടക്കുന്നത്. നാലായിരത്തോളം റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള പൊലീസിന്റെ ആയുധങ്ങള്‍ അവിടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആളുകള്‍ കൂട്ടത്തോടെ വന്ന് പൊലീസ് ആര്‍മറിയില്‍നിന്ന് ആയുധങ്ങള്‍ എടുത്തുകൊണ്ട് പോവുകയാണ് ചെയ്തത്.

എന്നാല്‍, അത് തടയാനോ ഒരാള്‍ക്കെതിരേ പോലും കേസെടുക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ സംഭവം മാത്രം മതി,’ ഹൈബി പറഞ്ഞു.

മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ ക്യാമ്പുകളും നേരിട്ട് സന്ദര്‍ശിച്ചെന്ന വിവരം ഹൈബി തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത്. എംപിമാരാണെന്ന് അറിഞ്ഞാല്‍ അവിടെ യാത്ര ചെയ്യാനോ കാര്യങ്ങള്‍ മനസിലാക്കാനോ സാധിക്കുമായിരുന്നില്ലെന്നും എം.പി പറയുന്നു. സാധാരണക്കാരെന്ന നിലയില്‍ മണിപ്പൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുടെയും മിഷണറി പ്രവര്‍ത്തകരുടെയും സഹായത്തോടെ ആയിരുന്നു സന്ദര്‍ശനമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി ആയിരുന്നെങ്കിലും എം.പിമാരെന്ന നിലയിലോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ലേബലിലോ അല്ല മണിപ്പൂരില്‍ പോയതെന്നും ഹൈബി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മണിപ്പൂരില്‍ നടക്കുന്നത് എന്തെന്ന് കണ്ട് മനസിലാക്കുകയും അത് പുറംലോകത്തെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. മണിപ്പൂരില്‍ നടക്കുന്നത് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായുള്ള ആക്രമങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.

അതങ്ങനെയല്ലെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്താനാണ് ഇനി ശ്രമിക്കുക. അത് അവിടത്തെ ജനങ്ങളുടെ ആവശ്യമാണ്. എം.പിമാരെന്ന നിലയില്‍ വിഷയം അതിന്റെ ഗൗരവത്തോടെ പാര്‍ലമെന്റില്‍ ഉന്നയിക്കും. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നല്‍കുന്നുമുണ്ട്.

ഇംഫാലിന്റെ വടക്കന്‍ മേഖലയിലുള്ള കാങ്‌ഖോപ്കിയിലെയും തെക്കന്‍ മേഖലയിലുള്ള ചുരംചാന്ദ്പൂരിലെയും ക്യാമ്പുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയൊക്കെ നൂറുകണക്കിന് ആളുകള്‍
താമസിക്കുന്ന ഗ്രാമങ്ങളൊക്കെ ഒന്നാകെ ചുട്ടെരിച്ചിരിക്കുകയാണ്.

തിരിച്ച് ഗ്രാമങ്ങളിലേക്ക് പോകാന്‍ പറ്റുമോ എന്നുപോലും ക്യാമ്പിലുള്ളവര്‍ക്കറിയില്ല. സ്‌കൂളുകളും കോളേജുകളുമൊക്കെ ഇനിയെന്ന് തുറക്കാനാകുമെന്ന് ഒരുറപ്പുമില്ല. വീടുകള്‍ പുനര്‍നിര്‍മിക്കുക എന്നതൊക്കെ അവിടെ വളരെ ശ്രമകരമാണ്.

നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒന്നും പറയുന്നുമില്ല. ക്യാമ്പുകളിലുള്ളവര്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ തീര്‍ത്തും അനിശ്ചിതാവസ്ഥയിലാണ്,’ ഹൈബി ഈഡന്‍ എം.പി പറഞ്ഞു.

വലിയ പ്രതിസന്ധികള്‍ മറികടന്ന് മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് എം.പിമാരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിനന്ദിച്ചു. ‘വെല്‍ഡണ്‍ ഹൈബി, മണിപ്പൂരില്‍ സംഘര്‍ഷ കാലത്ത് പോയി എല്ലാം തകര്‍ന്നവരുടെ കൂടെ താങ്കളും ഡീന്‍ കുര്യാക്കോസും നിന്നു. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു,’ സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: congress MPs visited manipur violence area and camps

We use cookies to give you the best possible experience. Learn more