| Sunday, 12th July 2020, 9:50 am

രാഹുല്‍ മടങ്ങി വരുമോ?; വന്നേ പറ്റൂ എന്ന് ഇവര്‍; ആവശ്യം സോണിയയുടെ കാലാവധി അവസാനിക്കാനിരിക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇടക്കാല പാര്‍ട്ടി അധ്യക്ഷയായുള്ള കാലാവധി അവസാനിക്കാനിരിക്കെ, രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന ആവശ്യമുന്നയിച്ച് പാര്‍ട്ടി എം.പിമാര്‍. രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിശിത വിമര്‍ശനങ്ങളുമായി മുന്നോട്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് എം.പിമാര്‍ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ്, നിലവിലെ രാഷ്ട്രീയാന്തരീക്ഷം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധി ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എം.പിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശില്‍നിന്നുള്ള എം.പിയുമായ ദിഗ് വിജയ സിങ് രാഹുലിന്റെ സ്ഥാനമൊഴിയലിനെ ചോദ്യം ചെയ്തു. എന്ത് കാരണമാണ് രാഹുലിനെ ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ കെ സുരേഷ്, മാണിക്യം ടാഗോര്‍, ഗൗരവ് ഗൊഗോയി തുടങ്ങിയവരും രാഹുല്‍ പാര്‍ട്ടി തലപ്പത്തേക്ക് വരണമെന്ന ആവശ്യമുന്നയിച്ചു. രാജ്യമാവശ്യപ്പെട്ടപ്പോഴെല്ലാം ശബ്ദമുയര്‍ത്തിയത് രാഹുലാണെന്നും അദ്ദേഹത്തിന് സ്വീകാര്യതയേറുകയാണെന്നും അവര്‍ പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഇടക്കാല അധ്യക്ഷ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more