ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിനു മുന്നില്‍ ബില്‍ കത്തിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തി.
കോണ്‍ഗ്രസ് എം.പിമാരായ ജസ്ബീര്‍ സിംഗ് ഗില്‍, രണ്‍വീത് സിംഗ് ബിട്ടു, അമര്‍ സിംഗ് എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് വെച്ച് ബില്ലുകള്‍ പരസ്യമായി കത്തിച്ചത്. ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഏതുവിധേനയും എതിര്‍ക്കുമെന്നും എം.പിമാര്‍ വ്യക്തമാക്കി.
ബില്ലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്താന്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കും- ജസ്ബീര്‍ സിംഗ് ഗില്‍ പറഞ്ഞു.
കര്‍ഷകരെയും അവരുടെ മണ്ണിനെയും കൊല്ലാന്‍ ശ്രമിച്ചാല്‍ ബി.ജെ.പിയുടെ ചാരമായിരിക്കും അന്തിമ ഫലമെന്നും എം.പിമാര്‍ പറഞ്ഞു.
പ്രസ്തുത ബില്ലിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ പരിഹാരം ഉടനുണ്ടായില്ലെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യമുപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഈ ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഇതിനകം തന്നെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്, എന്നാല്‍ അകാലിദള്‍ ഇപ്പോള്‍ പഞ്ചാബിലെ ജനങ്ങളെ കബളിപ്പിക്കാന്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ജനങ്ങള്‍ ഇതിനകം അനുഭവിച്ച ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അകാലിദളിന്റെ ഈ നടപടികള്‍ അനുയോജ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പാര്‍ലമെന്റില്‍ നിശ്ചിത ബില്ലുകളെ എതിര്‍ക്കുന്നതിനുള്ള തീരുമാനം ബി.ജെ.പി സഖ്യകക്ഷി കൂടിയായ അകാലിദള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗിന്റെ ഈ പ്രസ്താവന.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സര്‍വ്വകക്ഷി യോഗത്തില്‍ ബില്ലിനെതിരെ നിലകൊള്ളാനാണ് അകാലിദള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള പ്രമേയത്തിന് വോട്ട് ചെയ്യാതിരിക്കാന്‍ വിധാന്‍ സഭ സമ്മേളനത്തില്‍ നിന്ന് പിന്‍മാറിയതെന്തിനെന്നും അദ്ദേഹം ചോദിക്കുന്നു.
അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ പെട്ടെന്നുള്ള മാറ്റം പാര്‍ട്ടിയുടെ എം.പിമാര്‍ക്ക് അവരുടെ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് ശരിയായി മനസിലാക്കാന്‍ കഴിയാതെ പോയെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights; congress mps burnt agriculture bill