മഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി നടപടികള്‍; ലോക്സഭാ സ്പീക്കര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ് എം.പി
national news
മഹുവ മൊയ്ത്രക്കെതിരായ എത്തിക്‌സ് കമ്മിറ്റി നടപടികള്‍; ലോക്സഭാ സ്പീക്കര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd December 2023, 3:48 pm

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ കേസില്‍ എത്തിക്‌സ് കമ്മിറ്റി നടപടികളെ കുറിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പാര്‍ലിമെന്ററി കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും നടപടികളും പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രിവിലേജ് കമ്മിറ്റിക്കും എത്തിക്‌സ് കമ്മിറ്റിക്കുമുള്ള അധികാരങ്ങളിലും അവര്‍ക്ക് സ്വീകരിക്കാവുന്ന ശിക്ഷ നടപടികളെ കുറിച്ചും വ്യക്തമായ മാര്‍ഗരേഖകള്‍ ഇല്ലെന്ന് സ്പീക്കര്‍ക്കയച്ച കത്തില്‍ ചൗധരി പറഞ്ഞു. കൂടാതെ ‘അധാര്‍മ്മിക പെരുമാറ്റം’ ‘പെരുമാറ്റ ചട്ടം’ എന്നിവയ്ക്ക് വ്യക്തമായ നിര്‍വചനങ്ങളില്ല എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപരമായ സ്വാധീനമുള്ള എത്തിക്‌സ് കമ്മിറ്റി പിന്തുടരുന്ന നടപടിക്രമങ്ങളില്‍ സ്പീക്കറുടെ ശ്രദ്ധയും മാര്‍ഗനിര്‍ദേശങ്ങളും അവശ്യമാണെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.

ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പണം ആവശ്യപ്പെട്ട കേസില്‍ ലോക്സഭയില്‍ നിന്ന് മൊയ്ത്രയെ പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എത്തിക്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് കുമാര്‍ സോങ്കര്‍ പാനലിന്റെ ആദ്യ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ തിങ്കളാഴ്ച സമര്‍പ്പിക്കും.

content highlight : Congress MP writes to Lok Sabha Speaker on ethics panel proceedings against Moitra in ‘cash-for-query’ case