| Wednesday, 26th October 2022, 9:02 am

മന്‍മോഹന്‍ പ്രധാനമന്ത്രിയായില്ലേ, മുര്‍മു പ്രസിഡന്റായില്ലേയെന്ന് ചോദ്യം; ബി.ജെ.പി കാലത്ത് ഒരു മുസ്‌ലിമോ ക്രിസ്ത്യാനിയോ പ്രധാനമന്ത്രിയാകുമോയെന്ന് മറുപടി; നിലപാടിലുറച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ റിഷി സുനക്കുമായി ബന്ധപ്പെട്ട് ഒരു ന്യൂനപക്ഷക്കാരന്‍ തലപ്പത്ത് വരുന്നത് ഇന്ത്യയില്‍ നടക്കുമോ എന്ന തന്റെ ട്വീറ്റിന് വിശദീകരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

ഹിന്ദുവോ, സിഖോ, ബുദ്ധനോ, ജൈനനോ അല്ലാത്ത ഒരാള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സാധിക്കുമോ എന്ന് ശശി തരൂര്‍ ചോദിച്ചു.

തന്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെ 10 വര്‍ഷം പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് സിഖുകാരനാണെന്നും, ദ്രൗപദി മുര്‍മു ഇന്ത്യന്‍ പ്രസിഡന്റായിയെന്നുമൊക്കെ ചൂണ്ടിക്കാട്ടി തരൂരിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദുത്വ അല്ലെങ്കില്‍ ‘ഹിന്ദു ദേശീയത’ പ്രത്യയശാസ്ത്രമായി ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഒരു മുസ്‌ലിം എം.പിയും ഇല്ലെന്ന് തരൂര്‍ പറഞ്ഞു.

‘ഒരു മുസ്‌ലിമിനെയോ ക്രിസ്ത്യാനിയെയോ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ബി.ജെ.പി സ്വീകരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനിച്ച എല്ലാ മതങ്ങളെയും ഇന്‍ഡിക് മതങ്ങളായാണ് ഹിന്ദു പ്രത്യയശാസ്ത്രം കാണുന്നത്. എന്നാല്‍, ഹിന്ദുത്വ അനുയായികള്‍ മറ്റുള്ളവരെ അതേവിധം കാണുന്നില്ല,’ തരൂര്‍ പറഞ്ഞു.

റിഷി സുനക്കിന്റെ വിജയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന ഘടകമുണ്ട്. ജാതി, മതം തുടങ്ങിയ ചില പരിഗണനകള്‍ക്ക് അതീതമായി പരിഗണിക്കുകയും ഒരു രാജ്യത്തിന് വേണ്ടത് മികവാണെന്ന് തിരിച്ചറിയുകയും വേണം.

ഞാന്‍ ബ്രിട്ടീഷ് വംശീയതയുടെ വിമര്‍ശകനായിരുന്നു. എന്നാല്‍ പ്രത്യക്ഷമായ വംശീയതയുടെ ചരിത്രത്തിന് ശേഷം അവര്‍ തങ്ങളുടെ നേതാവായി റിഷി സുനക് എന്ന ഹിന്ദുവിനെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, ഒരു രാജ്യത്തിന്റെ തലപ്പത്തേക്ക് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തി എത്തുക എന്നത് വളരെ അപൂര്‍വമാണെന്നും, ഇന്ത്യയില്‍ അത് നടക്കുമോ എന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

‘ലോകത്ത് വളരെ അപൂര്‍വമായി ബ്രിട്ടീഷുകാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എല്ലാവരും അംഗീകരിക്കേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു, ഒരു ന്യൂനപക്ഷ വിഭാഗത്തിലെ അംഗത്തിന് ഏറ്റവും ശക്തമായ സ്ഥാനം നല്‍കി അവര്‍.

നമ്മള്‍ ഇന്ത്യക്കാര്‍ റിഷി സുനക്കിനെ ആഘോഷിക്കുമ്പോള്‍, നമുക്ക് സത്യസന്ധമായി ചോദിക്കാം: അത് ഇവിടെ (ഇന്ത്യയില്‍) നടക്കുമോ?” എന്നായിരുന്നു തരൂര്‍ പറഞ്ഞിരുന്നത്.

Content Highlight: Congress MP Shashi Tharoor has explained his tweet that a minority person will be at the helm in India

We use cookies to give you the best possible experience. Learn more