ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ റിഷി സുനക്കുമായി ബന്ധപ്പെട്ട് ഒരു ന്യൂനപക്ഷക്കാരന്‍ തലപ്പത്ത് വരുന്നത് ഇന്ത്യയില്‍ നടക്കുമോ എന്ന തന്റെ ട്വീറ്റിന് വിശദീകരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
ഹിന്ദുവോ, സിഖോ, ബുദ്ധനോ, ജൈനനോ അല്ലാത്ത ഒരാള്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ സാധിക്കുമോ എന്ന് ശശി തരൂര്‍ ചോദിച്ചു.
തന്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെ 10 വര്‍ഷം പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് സിഖുകാരനാണെന്നും, ദ്രൗപദി മുര്‍മു ഇന്ത്യന്‍ പ്രസിഡന്റായിയെന്നുമൊക്കെ ചൂണ്ടിക്കാട്ടി തരൂരിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹിന്ദുത്വ അല്ലെങ്കില്‍ ‘ഹിന്ദു ദേശീയത’ പ്രത്യയശാസ്ത്രമായി ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഒരു മുസ്‌ലിം എം.പിയും ഇല്ലെന്ന് തരൂര്‍ പറഞ്ഞു.
#NoSpin | “I’m glad we are celebrating it (#RishiSunak‘s appointment as UK PM) because I’m hoping it’ll make us reflect on our own country and the things we take for granted”: Congress MP @ShashiTharoor on row over “visible minority” tweet#NDTVExclusive pic.twitter.com/OKtCGxDeGg
— NDTV (@ndtv) October 25, 2022
‘ഒരു മുസ്‌ലിമിനെയോ ക്രിസ്ത്യാനിയെയോ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ബി.ജെ.പി സ്വീകരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനിച്ച എല്ലാ മതങ്ങളെയും ഇന്‍ഡിക് മതങ്ങളായാണ് ഹിന്ദു പ്രത്യയശാസ്ത്രം കാണുന്നത്. എന്നാല്‍, ഹിന്ദുത്വ അനുയായികള്‍ മറ്റുള്ളവരെ അതേവിധം കാണുന്നില്ല,’ തരൂര്‍ പറഞ്ഞു.
റിഷി സുനക്കിന്റെ വിജയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന ഘടകമുണ്ട്. ജാതി, മതം തുടങ്ങിയ ചില പരിഗണനകള്‍ക്ക് അതീതമായി പരിഗണിക്കുകയും ഒരു രാജ്യത്തിന് വേണ്ടത് മികവാണെന്ന് തിരിച്ചറിയുകയും വേണം.