ദക്ഷിണേന്ത്യയില്‍ നിന്നുള്ള പണം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നു; നോര്‍ത്ത് -സൗത്ത് വിഭജനത്തില്‍ വിമര്‍ശനവുമായി തരൂര്‍
India
ദക്ഷിണേന്ത്യയില്‍ നിന്നുള്ള പണം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നു; നോര്‍ത്ത് -സൗത്ത് വിഭജനത്തില്‍ വിമര്‍ശനവുമായി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2024, 5:19 pm

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിന്റെ ഭിന്നിപ്പിന്റെ രാഷ്ട്രീയ തന്ത്രമാണ് ഹിന്ദു- ഹിന്ദി -ഹിന്ദുസ്ഥാന്‍ എന്ന ആശയമെന്നും അതില്‍ ആശങ്കകളുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

സൗത്ത് ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയക്കാരുടെ ഇടയില്‍ ഇത് വലിയ അസ്വസ്ഥതക്കാണ് കാരണമാകുന്നതെന്നും തരൂര്‍ പറഞ്ഞു. തമിഴ് ആഴ്ചപ്പതിപ്പായ തുഗ്ലക് മാഗസിനിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നോര്‍ത്ത്- സൗത്ത് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വേര്‍തിരിവിന്റെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ അവകാശ നിഷേധങ്ങളില്‍ ഒന്ന് അവരോട് കാണിക്കുന്ന സാമ്പത്തിക നിഷേധങ്ങളാണ്. പക്ഷെ അത് തുറന്ന് പറയുന്നത് നമ്മുടെ പതിവ് രാഷ്ട്രീയത്തെ പ്രശ്‌നത്തിലാക്കും. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഭീഷണി നേരിടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഇന്ത്യയുടെ നിലവിലെ ഫെഡറല്‍ സംവിധാനത്തെ കുറിച്ചുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.’നമ്മുടെ പ്രധാനമന്ത്രി ‘കോപ്പറേറ്റീവ് ഫെഡറിലസത്തെ’ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്നത് കേള്‍ക്കാം എന്നാല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ് അദ്ദേഹം സഹകരണം പ്രതീക്ഷിക്കുന്നത്. കേന്ദ്രം സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു മാത്രമാണ് പ്രവര്‍ത്തിക്കുന്നത് .

‘5ാം ധനകാര്യ കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മാറ്റം വരുത്താനുള്ള 2017ലെ സര്‍ക്കാര്‍ തീരുമാനത്തെയും തരൂര്‍ വിമര്‍ശിച്ചു, ഇത് നോര്‍ത്ത്- സൗത്ത് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വേര്‍തിരിവിന് ആക്കം കൂട്ടിയിട്ടുണ്ട്. ‘ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ പണം ഇപ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നു’. ഈ നീക്കം രാജ്യത്തിന് പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രപരമായി, ദക്ഷിണേന്ത്യ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്. ഉത്തര്‍പ്രേദേശ് നല്‍കുന്ന ഓരോ രൂപയ്ക്കും കേന്ദ്രത്തില്‍ നിന്ന് 1.79 രൂപ ലഭിക്കും. അതേസമയം, കര്‍ണാടക ഒരു രൂപ നല്‍കുമ്പോള്‍ 0.47 രൂപ മാത്രമാണ് തിരികെ ലഭിക്കുന്നത്. അതാണ് വ്യത്യാസം,”ശശി തരൂര്‍ പറഞ്ഞു. ഇത് വടക്കന്‍, തെക്കന്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ അടിവരയിടുന്നതാണെന്നും തരൂര്‍ പറഞ്ഞു.

കര്‍ണാടക അതിന്റെ ചെലവിന്റെ ഒരു പ്രധാന ഭാഗം സ്വന്തം നികുതിയില്‍ നിന്ന് കണ്ടെത്തുമ്പോള്‍ ബീഹാര്‍ ധനസഹായത്തിനായി കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കുന്നു.

സംസ്ഥാനത്തിന്റെ സ്വന്തം നികുതിയില്‍ നിന്നാണ് കര്‍ണ്ണാടക അതിന്റെ 72 ശതമാനം ചെലവും വഹിക്കുന്നത്. അതേസമയം ബിഹാറിന് 23 ശതമാനം മാത്രമാണ് സംസ്ഥാന നികുതിയില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്നത്. അവരുടെ ചെലവിന്റെ 77 ശതമാനവും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച തരൂര്‍, 2026 ലെ അതിര്‍ത്തി നിര്‍ണയത്തിനുള്ള സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ചും സംസാരിച്ചു.

പുതിയ ലോക്സഭാ ഹാള്‍ നിറയ്ക്കുകയാണ് ഉദ്ദേശമെങ്കില്‍, ഉത്തര്‍പ്രദേശില്‍, മുഴുവന്‍ ദക്ഷിണേന്ത്യയിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ എം.പിമാര്‍ ഉണ്ടായിരിക്കാം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 2/3 ഭൂരിപക്ഷമുണ്ടെങ്കില്‍, ഹിന്ദി ദേശീയ ഭാഷയാക്കിക്കൊണ്ടുള്ള ഭേദഗതി കൊണ്ടുവരുന്നതില്‍ നിന്ന് അവരെ തടയുന്നതെന്താണ്? ശശി തരൂര്‍ ചോദിച്ചു.

Content Highlight: Congress MP Shashi Tharoor criticises ‘Hindi, Hindu, Hindustan