ഭോപ്പാല്‍: മധ്യപ്രദേശിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവിനെതിരെ നടപടിയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്. കോണ്‍ഗ്രസ് രാജ്യത്തെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്.
Also Read: പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; കര്‍ണാടക മന്ത്രിക്കെതിരെ സി.ബി.ഐ കേസെടുത്തു
കഴിഞ്ഞദിവസമായിരുന്നു യു.എസിലെ റോഡുകളേക്കാള്‍ മികച്ചതാണ് മധ്യപ്രദേശിലെ റോഡുകളെന്ന് ശിവരാജ് സിങ് ചൗഹാന്‍ അഭിപ്രായപ്പെട്ടത്. ട്വീറ്റിലൂടെയായിരുന്നു ചൗഹാന്‍ അമേരിക്കന്‍ റോഡുകളെ പരിഹസിച്ച് രംഗത്തെത്തിയത്.
“വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്രതുടങ്ങിയതിന് പിന്നാലെയാണ് അവിടുത്തെ റോഡുകളേക്കാള്‍ എത്ര മികച്ചതാണ് മധ്യപ്രദേശ് റോഡുകള്‍ എന്ന് എനിക്ക് മനസിലായത്.” എന്നായിരുന്നു ചൗഹാന്റെ വാക്കുകള്‍. എന്നാല്‍ ചൗഹാന്റെ വാദത്തെ പൊളിച്ചടുക്കി സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവ് ചൗഹാനെതിരെ ട്രംപ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതോടെയാണ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് യാദവ് രാജ്യത്തെ ഒന്നടങ്കം അപമാനിക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
“യാദവിന്റെ പ്രസ്താവന നിയമലംഘനമാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും” എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍. മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാനത്തെ പുതിയ റോഡുകള്‍ ലോക നിലവാരമുള്ളതാണെന്നും എല്ലാ റോഡുകളെയുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.