ന്യൂദല്‍ഹി: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ ആസാമുമായ കണക്ട് ചെയ്തുള്ള കോണ്‍ഗ്രസ് എം.പിയുടെ ട്വീറ്റാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അര്‍ജന്റീന ലോകകപ്പ് നേടിയതില്‍ അഭിനന്ദിച്ച് അസമിലെ ബാര്‍പേട്ട മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച അബ്ദുള്‍ ഖാലിഖിന്റെ ട്വീറ്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് വിചിത്രമാകുന്നത്.
ലയണല്‍ മെസി അസമിലാണ് ജനിച്ചതെന്നാണ് അബ്ദുള്‍ ഖാലിഖ് പറഞ്ഞത്.
‘എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയത്തിന് മെസിയെ അഭിനന്ദിക്കവേ എം.പി ട്വിറ്ററില്‍ കുറിച്ചു.
എം.പിയുടെ അവകാശവാദത്തില്‍ ആദിത്യ ശര്‍മ്മ എന്ന ട്വിറ്റര്‍ ഉപയോക്താവ് ആസാം ബന്ധം എന്താണെന്ന് ചോദിച്ചപ്പോള്‍. അദ്ദേഹം ജനിച്ചത് ആസമിലാണെന്നായിരുന്നു എം.പി മറുപടി നല്‍കിയത്.
തുടര്‍ന്ന് ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായതോടെ എം.പിയെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അര്‍ജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
മത്സരത്തില്‍ നിശ്ചിതസമയത്തും, അധികസമയത്തും സ്‌കോര്‍ 3-3 എന്ന നിലയിലായിരുന്നു.ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് അര്‍ജന്റീന ലോകകിരീടത്തില്‍ മുത്തമിട്ടത്.
ലോകകപ്പ് വിജയിക്കാന്‍ സാധിച്ചതോടെ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ല്‍ ലാറ്റിനമേരിക്കയില്‍ കിരീടമെത്തിച്ചത്.