| Monday, 13th March 2023, 5:46 pm

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം കുത്തഴിഞ്ഞു; സുധാകരന്‍ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു; പരാതിയുമായി കോണ്‍ഗ്രസ് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി കോണ്‍ഗ്രസ് എം.പിമാര്‍. കേരളത്തിലെ സംഘടന സംവിധാനം കുത്തഴിഞ്ഞെന്നും പ്രസിഡന്റെന്ന നിലയില്‍ സുധാകരന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും എം.പിമാര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു.

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എം.പിമാരായ എം.കെ രാഘവനും കെ. മുരളീധരനും കാരണം കാണിക്കല്‍ നോട്ടീസയച്ച സുധാകരന്റെ നടപടിക്ക് പിന്നാലെയാണ് എം.പിമാരുടെ നടപടി. എം.കെ രാഘവന്‍, കെ.മുരളീധരന്‍, ഹൈബി ഈഡന്‍, ആന്റോ ആന്റണി എന്നിവരടക്കം ഏഴ് എം.പിമാരാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാലിനോട് പരാതി അറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.

എം.പി.മാര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് എ.ഐ.സി.സിയാണെന്നും ഇല്ലാത്ത അധികാരമുപയോഗിച്ചാണ് സുധാകരന്‍ നോട്ടീസയച്ചതെന്നും പരാതിയില്‍ പറഞ്ഞു. അധ്യക്ഷനെന്ന നിലയില്‍ സുധാകരന്‍ പരാജയപ്പെട്ടെന്നും ഏകപക്ഷീയമായ പുന സംഘടന നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.

‘സുധാകരന്റെ നോട്ടീസിന് എം.കെ രാഘവനും കെ. മുരളീധരനും മറുപടി നല്‍കില്ല, എം.പിമാര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് എ.ഐ.സി.സിയാണ്, ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സുധാകരന്‍ പ്രവര്‍ത്തിക്കുന്നത്,’ എം.പിമാര്‍ പരാതിയില്‍ പറഞ്ഞു.

കൂട്ടത്തില്‍ സുധാകരന്റെ നോട്ടീസിന് മറുപടി നല്‍കില്ലെന്നും ഇപ്പോള്‍ നടക്കുന്ന പുനസംഘടന സംവിധാനം നിര്‍ത്തി വെക്കണമെന്നും കെ.സി വേണുഗോപാലിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതിന് മുമ്പ് കെ.സുധാകരനെതിരെ പരാതിയുമായി കെ.മുരളീധരന്‍ എം.പിയും രംഗത്തെത്തിയിരുന്നു. എം.കെ രാഘവന്‍ എം.പിക്ക് പിന്തുണ നല്‍കിയതില്‍ തന്നെ വേട്ടയാടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പാര്‍ട്ടി തന്നെ അപമാനിക്കുകയാണെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

Content Highlight: congress mp’s against k sudakaran

Latest Stories

We use cookies to give you the best possible experience. Learn more