തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി രമ്യ ഹരിദാസ്. കയ്യൂക്കുകൊണ്ട് പോരാട്ടവീര്യത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ഓരോ അതിക്രമങ്ങള്‍ക്കും കാലം മറുപടി പറയിപ്പിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ മറ്റൊരുസര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ജനാധിപത്യ പ്രതിഷേധങ്ങളോട് പോലും ക്രൂരമായി പ്രതികരിക്കുന്ന സര്‍ക്കാറിന് താക്കീതായി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ നരനായാട്ട് പ്രതിഷേധാര്‍ഹമാണ്.
കയ്യൂക്കുകൊണ്ട് പോരാട്ടവീര്യത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. ഓരോ അതിക്രമങ്ങള്‍ക്കും കാലം നിങ്ങളെക്കൊണ്ട് മറുപടി പറയിപ്പിക്കും. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റക്ക് അഭിവാദ്യങ്ങള്‍,’ രമ്യ ഹരിദാസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
പല തവണ പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. പിന്നീട് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ഒടുവില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
മുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വന്‍ പൊലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഒുക്കിയിരുന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പൊലീസ് വലയമുണ്ടായിരുന്നു.