| Saturday, 5th September 2020, 12:42 pm

രമ്യാ ഹരിദാസിന്റെ വാഹനം വെഞ്ഞാറമ്മൂട് വെച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു: കാറില്‍ കരിങ്കൊടി കെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനത്തിന് നേരെ എസ്.എഫ്.ഐ -സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധം. എം.പിയെ കരിങ്കൊടി കാണിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു.

വാഹനത്തിന്റെ ബോണറ്റില്‍ അടിക്കുകയും തന്നെ കൊല്ലുമെന്ന് വാഹനം തടഞ്ഞവര്‍ ഭീഷണിപ്പെടത്തിയതായും രമ്യാ ഹരിദാസ് പറഞ്ഞു. തിരുവനന്തപുരത്തു നിന്നും ചങ്ങനാശേരിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. വെഞ്ഞാറമ്മൂട് വെച്ചാണ്  പ്രവര്‍ത്തകര്‍ എം.പിയുടെ കാര്‍ തടഞ്ഞത്.

ഇരട്ടക്കൊലപാതകം നടന്ന ശേഷം സംഘര്‍ഷ തുടരുന്ന പ്രദേശമാണ് വെഞ്ഞാറമ്മൂട്. ഡി.വൈ.എഫ്.ഐയുടെ പതാകയുമായി വന്ന ഒരു സംഘം ആളുകളാണ് വാഹനം തടഞ്ഞതെന്ന് എം.പി പറഞ്ഞു.

വാഹനത്തിന്റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമ്മൂട് വഴി പോകേണ്ട. കണ്ടാല്‍ കൊന്നുകളയും എന്നായിരുന്നുഅവര്‍ ഭീഷണിപ്പെടുത്തിയതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ രമ്യാ ഹരിദാസ് പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ ധര്‍ണ നടന്നുകൊണ്ടിരിക്കവേയായിരുന്നു രമ്യാ ഹരിദാസിന്റെ വാഹനം അതുവഴി കടന്നുപോയത്. ഈ സമയം റോഡിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ വന്ന് തടയുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് എം.പിയ്ക്ക് സുരക്ഷയൊരുക്കി. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

content highlight; congress-mp ramya haridas car blocked by cpm activists

We use cookies to give you the best possible experience. Learn more