തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങള്‍ പറഞ്ഞത് ജനം കേട്ടോ എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് കോണ്‍ഗ്രസ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ചാനലിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ശശി തരൂരിനെതിരെ ആരോപണമുന്നയിക്കുമ്പോഴായിരുന്നു ഉണ്ണിത്തന്‍ ഇങ്ങനെ മറുപടി പറഞ്ഞത്.
ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഒരു കമ്മിറ്റി മീറ്റിങ്ങില്‍ തരൂര്‍ പങ്കെടുത്തിട്ടുണ്ടോ, ഏതെങ്കിലും പ്രതിഷേധ സമരങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ടോ എന്ന ചോദ്യം അവതാരകനായ വിനു വി. ജോണിനോട് ഉണ്ണിത്താന്‍ ചോദിച്ചപ്പോള്‍, എപ്പോഴും തെരുവിലിറങ്ങി ജാഥ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. തരൂരിന്റെ പ്രസംഗവും എഴുത്തും വലിയ രീതിയില്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. രാജ്യം മാത്രമല്ല ലോകവും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് വിനു മറുപടി പറഞ്ഞത്.
ഇതിന് തിരിച്ചടിച്ചപ്പോഴാണ്, നിങ്ങള്‍ പറയുന്നതല്ല ജനം കേള്‍ക്കുന്നത്, ചാനല്‍ ചര്‍ച്ചയില്‍ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങള്‍ പറഞ്ഞത് ജനം കേട്ടോ എന്ന് ഉണ്ണിത്താന്‍ ചോദിച്ചത്.
‘ഉണ്ണിത്താന്റെ ധാരണക്ക് ഒരു പിശകുമില്ല. നിങ്ങള്‍ ഈ ചാനല്‍ ചര്‍ച്ചയില്‍ എത്രയോ പേരെ മഹത്വവല്‍ക്കരിച്ചു. നിങ്ങള്‍ പിണറായി വിജയനെക്കുറിച്ച് എന്തല്ലാം ആക്ഷേപങ്ങള്‍ പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ നിങ്ങള്‍ ചിത്രവധം ചെയ്തില്ലേ. അവസാനം നിങ്ങള്‍ പറഞ്ഞതാണോ ജനം കേട്ടത്,’ എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.
അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തരൂര്‍ നെഹ്‌റു കുടുംബത്തെ ദുരുപയോഗം ചെയ്‌തെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ ചര്‍ച്ചയില്‍ ആരോപിച്ചു. സോണിയയുടെയും രാഹുലിന്റെയും പിന്തുണ തനിക്കെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടി സമരങ്ങളിലോ യോഗങ്ങളിലോ തരൂര്‍ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികക്ക് പുറത്തുള്ളവര്‍ വോട്ട് ചെയ്തുവെന്ന തരൂരിന്റെ ആരോപണവും ഉണ്ണിത്താന്‍ നിഷേധിച്ചു.
താന്‍ വരണാധികാരിയായ തെലങ്കാന പി.സി.സിയിലെ വോട്ടെടുപ്പില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കില്‍ തരൂര്‍ മാപ്പ് പറയാന്‍ തയ്യാറാവണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
CONTENT HIGHLIGHT: Congress MP Rajmohan Unnithan support CM Pinarayi Vijayan at asianet news debate