| Thursday, 25th July 2024, 9:36 pm

'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തിനുവേണ്ടി മോദി സർക്കാർ എന്താണ് ചെയ്തത്?: കോണ്‍ഗ്രസ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 കേന്ദ്ര ബജറ്റിലൂടെ ‘ഞങ്ങള്‍ സഖ്യകക്ഷികള്‍ക്കൊപ്പം’ എന്ന സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ കസ്വാന്‍. കസേര സംരക്ഷിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തന്ത്രമാണ് ഈ കേന്ദ്ര ബജറ്റെന്നും രാഹുല്‍ പറഞ്ഞു. ലോക്‌സഭയിലെ പ്രസംഗത്തിനിടെയാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

കഴിഞ്ഞ 10 വര്‍ഷമായി ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതിനെ കുറിച്ചാണ് മോദി സര്‍ക്കാര്‍ സംസാരിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി എന്താണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും രാഹുല്‍ കസ്വാന്‍ ചോദിച്ചു. രാജ്യത്തെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ദളിതര്‍ക്കും തൊഴിലാളികള്‍ക്കും ഈ ബജറ്റില്‍ എന്താണുള്ളതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

‘വിവിധ പദ്ധതികള്‍ക്കായി വകമാറ്റിയിരുന്ന ഫണ്ടുകള്‍ കേന്ദ്ര ബജറ്റ് വെട്ടിച്ചുരുക്കി, വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല, കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്നില്ല, രാജസ്ഥാന്‍ സര്‍ക്കാരിന് നാളിതുവരെ തിന സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ല,’ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ബജറ്റില്‍ രാജസ്ഥാന്‍ വലിയ പ്രതീക്ഷയാണ് പുലര്‍ത്തിയിരുന്നതെന്നും രാഹുല്‍ പറഞ്ഞു. ജി.ഡി.പി നിരക്ക് കുത്തനെ ഇടിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്സഭാ സമ്മേളനത്തിന് ശേഷം അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ എക്സിലൂടെയും പ്രതികരിച്ചിരുന്നു. പാര്‍ലമെന്റില്‍ താന്‍ ഉയര്‍ത്തിയ ശബ്ദം രാജ്യത്തെ കര്‍ഷകര്‍ക്കും സൈനികര്‍ക്കും സമര്‍പ്പിക്കുന്നതായി രാഹുല്‍ കസ്വാന്‍ കുറിച്ചു.

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ തങ്ങളുടെ സംസ്ഥാനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജൂലൈ 27ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് നാല് മുഖ്യമന്ത്രിമാര്‍ അറിയിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാരാണ് യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Content Highlight: Congress MP Rahul Kaswan said that the central government is sending a message that ‘we are with our allies’ through the 2024 Union Budget

We use cookies to give you the best possible experience. Learn more