| Tuesday, 18th June 2024, 4:55 pm

അതിജീവിക്കാൻ കഷ്ടപ്പെടുന്ന മോദിയുടെ മൂന്നാം സർക്കാർ ഉടനെ താഴെവീഴും: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ ഉടനെ താഴെവീഴുമെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. സഖ്യകക്ഷികളുടെ പിന്തുണയില്‍ രൂപീകരിച്ച ബി.ജെ.പി സര്‍ക്കാര്‍ അധികകാലം തുടരില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യു.കെയിലെ ഹിന്ദുസ്ഥാന്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ രാഹുല്‍ ടെക്‌റ്റോണിക് എന്ന് വിശേഷിപ്പിക്കുന്നു. വലിയ മാറ്റമാണ് രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിശാലമായ ഒരിടം ഇപ്പോള്‍ തുറന്നിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഈ പശ്ചാത്തലത്തില്‍ തുച്ഛം സീറ്റുകള്‍ മാത്രം കൈവശമുള്ള സഖ്യകക്ഷികളുടെ പിന്തുണയില്‍ രൂപീകരിച്ച, സര്‍ക്കാര്‍ താഴെവീഴാന്‍ ചെറിയ ഒരു അഭിപ്രായ ഭിന്നത മതിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

സുരക്ഷിതമായ ഒരു ഭൂരിപക്ഷമില്ലാത്തതിനാല്‍ മോദിയും സംഘവും അതിജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മോദിയുടെ ക്യാമ്പുകളില്‍ അതൃപ്തി വര്‍ധിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള സ്രോതസുകള്‍ തങ്ങള്‍ക്കുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രാഹുല്‍ വ്യക്തമാക്കിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ടത് കനത്ത തിരിച്ചടിയാണ്. 543 സീറ്റില്‍ 293 മണ്ഡലങ്ങളാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം നേടിയത്. അതേസമയം പ്രതിപക്ഷമായ ഇന്ത്യാ മുന്നണി 234 സീറ്റ് പിടിച്ചെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് നേടാന്‍ കഴിഞ്ഞത് 240 സീറ്റ് മാത്രമാണെന്നതും ഒരു തിരിച്ചടിയായി. 99 സീറ്റ് നേടി കോണ്‍ഗ്രസ് പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു പ്രകടനം നടത്തുന്നത്.

ഉത്തര്‍പ്രദേശിലെ തിരിച്ചടിയും ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കി. മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും സ്മൃതി ഇറാനി അടക്കമുള്ള മുന്‍ കേന്ദ്രമന്ത്രിമാരുടെ തോല്‍വിയും ബി.ജെ.പിക്ക് വെല്ലുവിളിയായി.

റായ്ബറേലിയില്‍ മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതും സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയത് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ ആണെന്നതും ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസബാദ് മണ്ഡലത്തിലെ തോല്‍വിയും ബി.ജെ.പിക്ക് തിരിച്ചടിയായി.

Content Highlight: Congress MP Rahul Gandhi says NDA government is immediately fall

We use cookies to give you the best possible experience. Learn more