| Wednesday, 17th April 2024, 1:05 pm

നരേന്ദ്ര മോദി എ.എന്‍.ഐയ്ക്ക് നല്‍കിയത് മുന്‍കൂട്ടി തയ്യാറാക്കിയ അഭിമുഖം: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. അഭിമുഖം ഒരു ഫ്ളോപ്പ് ആയ പരിപാടിയായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

അഭിമുഖത്തില്‍ കൂടുതലായും നരേന്ദ്ര മോദി സംസാരിച്ചത് ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചായിരുന്നു. രാജ്യത്ത് സുതാര്യതയും രാഷ്ട്രീയ ശുദ്ധീകരണവും നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം നടപ്പിലാക്കിയതെന്നായിരുന്നു മോദിയുടെ അവകാശവാദമെന്ന് രാഹുല്‍ പറഞ്ഞു.

എന്നാല്‍ മോദി അഴിമതിയുടെ ചാമ്പ്യന്‍ ആണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് ശരിയായ പദ്ധതി ആയിരുന്നെങ്കില്‍ സുപ്രീം കോടതി എന്തുകൊണ്ടാണ് അത് റദ്ദാക്കിയതെന്നും രാഹുല്‍ ചോദിച്ചു.

മോദിയുടെ പദ്ധതികളെ കുറിച്ച് ആദ്യം അറിയുന്നതും മനസിലാക്കുന്നതും രാജ്യത്തെ പ്രമുഖ വ്യവസായികള്‍ ആണെന്നും സാധാരണക്കാര്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോവുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ സുതാര്യത സംരക്ഷിക്കാന്‍ ആയിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് ലഭിച്ച പണത്തിന്റെ വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവെച്ചതെന്ന് രാഹുല്‍ ചോദിച്ചു. വിവരങ്ങള്‍ പുറത്തുവിടാത്തതിന് പുറമെ പണം ലഭിച്ച തീയതികളില്‍ ബി.ജെ.പി മാറ്റം വരുത്തിയെന്നും രാഹുല്‍ പറഞ്ഞു.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രത്തിന്റ തെരഞ്ഞെടുപ്പാണെന്ന് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടനയെ തകര്‍ക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

Content Highlight: Congress MP Rahul Gandhi said that Narendra Modi’s interview to ANI was pre-prepared

We use cookies to give you the best possible experience. Learn more