ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരുപ്പെറിഞ്ഞ സംഭവത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. സര്‍ക്കാരിനെതിരെയുള്ള ഏത് തരം പ്രതിഷേധമായാലും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തില്‍ ആക്രമത്തിനും വെറുപ്പിനും സ്ഥാനമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
एक और महत्वपूर्ण बात जो प्रेस कॉन्फ्रेंस में कहनी रह गई।
नरेंद्र मोदी और उनके काफिले पर चप्पल फेंका जाना बहुत ही निंदनीय है और उनकी सुरक्षा में गंभीर चूक है।
सरकार की नीतियों पर अपना विरोध गांधीवादी तरीके से दर्ज कराया जाना चाहिए, लोकतंत्र में हिंसा और नफ़रत की कोई जगह नहीं है।
ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒരു കാര്യം പറയാന്‍ മറന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരിച്ചത്. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ രാഹുല്‍ കുറ്റപ്പെടുത്തി.
സ്വന്തം മണ്ഡലമായ വാരണാസിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ ചെരുപ്പെറിഞ്ഞത്. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ബുള്ളറ്റ് പ്രൂഫ് കാറിന് മുകളില്‍ വന്നുവീണ ചെരുപ്പ്, സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറത്തേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംഭവത്തില്‍ മോദിയും സംഘവും നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഗോഡി മീഡിയക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. ഈ ദൃശ്യങ്ങള്‍ ഗോഡി മീഡിയ ഒരുകാരണവശാലും പുറത്തുവിടില്ലെന്ന് തങ്ങള്‍ക്കറിയാമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണം. അതേസമയം വാഹനത്തിന് നേരെയുണ്ടായത് വലിയ സുരക്ഷാ വീഴ്ചയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ന് എ.ഐ.സി.സി നേതൃത്വം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശമാണ് മോദിക്കെതിരെ രാഹുല്‍ ഉയര്‍ത്തിയത്. കേന്ദ്ര പരീക്ഷകളില്‍ ക്രമക്കേടുണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണം. ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത മോദിക്ക് എന്തുകൊണ്ട് ഇന്ത്യയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ പരിഹസിക്കുകയുണ്ടായി. രാജ്യത്ത് നടക്കുന്നത് നോണ്‍ സ്റ്റോപ്പ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Content Highlight: Congress MP Rahul Gandhi has condemned the incident of throwing shoes at Modi’s motorcade