ന്യൂദല്‍ഹി: പതിനെട്ടാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യാ സംഖ്യത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിച്ചുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവെന്ന് അറിയിച്ചുകൊണ്ട് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർ ഭര്‍തൃഹരി മഹ്താബിന് കത്ത് നൽകി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കാത്തിരുന്ന് കാണണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്.
രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നേരത്തെ പ്രമേയം പാസാക്കിയിരുന്നു. യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. ദിഗ്‌വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല.
തുടര്‍ന്നാണ് റായ്ബറേലി നിലനിര്‍ത്തികൊണ്ട് വയനാട് മണ്ഡലം ഒഴിയാനുള്ള തീരുമാനത്തിലേക്ക് രാഹുല്‍ ഗാന്ധി എത്തിയത്. രാഹുലിന് പകരം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തുന്നതും ഇതോടെയാണ്.
ലോക്‌സഭയില്‍ റായ്ബറേലി എം.പിയായി രാഹുല്‍ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോള്‍ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.