ന്യൂദല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി-വിജയ് മല്യ കൂടിക്കാഴ്ചയ്ക്ക് താന്‍ സാക്ഷിയാണെന്ന് കോണ്‍ഗ്രസ് നേതാവും യു.പിയില്‍ നിന്നുള്ള എം.പിയുമായ പി.എല്‍ പുനിയ. 2016 മാര്‍ച്ച് ഒന്നിനായിരുന്നു കൂടിക്കാഴ്ച നടന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ സമയത്തായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
“മല്യയും ജെയ്റ്റ്‌ലിയും തമ്മിലുള്ള കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതായിരുന്നു. 15-20മിനിറ്റ് നീണ്ടു നിന്നു.” എന്നും അദ്ദേഹം പറഞ്ഞു.
“പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അരുണ്‍ ജെയ്റ്റ്‌ലിയും വിജയ് മല്യയും ചര്‍ച്ച നടത്തുന്നത് ഞാന്‍ കണ്ടതാണ്. ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ഇക്കാര്യം സ്ഥിരീകരിക്കാം.” അതിന് ധൈര്യമുണ്ടോയെന്നും എന്നും അദ്ദേഹം ബി.ജെ.പി വെല്ലുവിളിച്ചു കൊണ്ടു പറഞ്ഞു.
ഈ കൂടിക്കാഴ്ച നടന്നത് മല്യ നാടുവിടുന്നതിന് രണ്ടുദിവസം മുമ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. “പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാല്‍ ഞാന്‍ രാഷ്ട്രീയം വിടാം. അല്ലെങ്കില്‍ ജെയ്റ്റ്‌ലി വിടണം.” എന്നും പുനിയ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുനിയ ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ എല്ലാവിഷയത്തിലും കള്ളം പറയുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. റാഫേല്‍ കരാര്‍, വിജയ് മല്യയുടെ നാടുവിടല്‍ അങ്ങനെ എല്ലാ വിഷയത്തിലും. അദ്ദേഹത്തിന് സുഖമായി നാടുവിടാനുള്ള സൗകര്യം ധനമന്ത്രിയാണ് ഒരുക്കിക്കൊടുത്തതെന്നും രാഹുല്‍ ആരോപിച്ചു.
“കാര്യങ്ങള്‍ വ്യക്തമാണ്. ഒരു സാമ്പത്തിക തട്ടിപ്പുകാരന്‍ ധനമന്ത്രിയോടു പറയുന്നു താന്‍ ലണ്ടനിലേക്ക് പോകുകയാണെന്ന്. എന്തുകൊണ്ട് അദ്ദേഹം ഉദ്യോഗസ്ഥരെ വിവരമറിയിച്ചില്ല? ജെയ്റ്റ്‌ലി രാജിവെക്കണം” എന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.