| Wednesday, 16th March 2022, 7:08 pm

ചന്നിയുടെ സത്യപ്രതിജ്ഞയ്ക്ക് പോലും ക്ഷണിച്ചില്ല എന്നാല്‍ മന്നിന്റെ സത്യപ്രതിജ്ഞയില്‍ അതുണ്ടായില്ല; എ.എ.പിക്ക് നന്ദിയുമായി മനീഷ് തിവാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് ആശംസകളുമായി കോണ്‍ഗ്രസ് ലോക്‌സഭാ എം.പി മനീഷ് തിവാരി.

ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തന്നെ ക്ഷണിച്ചിരുന്നുവെന്നും, എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തനിക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതില്‍ ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കഴിഞ്ഞ സെപ്തംബര്‍ 20ന് നടത്തിയ ചരണ്‍ജിത് സിംഗ് ചന്നിയുടെ സത്യപ്രതിജ്ഞയിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

‘ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി ഭഗവന്ത് മന്നിന് അഭിനന്ദനങ്ങള്‍. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതില്‍ അദ്ദേഹത്തോട് ഞാന്‍ നന്ദി പറയുന്നു. നിര്‍ഭാഗ്യവശാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ എനിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20ന് നടന്ന ചന്നിയുടെ സത്യപ്രതിജ്ഞയ്ക്ക് പോലും തന്നെ ക്ഷണിച്ചിരുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസം,’ തിവാരി ട്വീറ്റ് ചെയ്തു.

സത്യപ്രതിജ്ഞയ്ക്ക് എം.പിയായ തന്നെ ക്ഷണിച്ച ക്ഷണപത്രത്തിന്റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, ഹരിയാനയില്‍ നിന്നടക്കമുള്ള കോണ്‍ഗ്രസ്, ബിജെ.പി നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരുന്നു.

ബി.ജെ.പിയുടെ മുന്‍ ഗുരുഗ്രാം എ.എല്‍.എ ഉമേഷ് അഗര്‍വാള്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രി ബിജേന്ദ്ര സിംഗ് തുടങ്ങിയവര്‍ എ.എ.പിക്കൊപ്പം ചേര്‍ന്നവരില്‍ പ്രമുഖരാണ്.

ഐ.എല്‍.എല്‍.ഡി നേതാവും മുന്‍ ഹരിയാന മന്ത്രിയുമായ ബാബിര്‍ സിംഗ് സൈനിയും എ.എ.പിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ബി.എസ്.പിയടക്കമുള്ള പാര്‍ട്ടികളില്‍ നിന്നും നേതാക്കള്‍ എ.എ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ട്.

കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമായിരുന്നു ആം ആദ്മി പാര്‍ട്ടി കാഴ്ചവെച്ചത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും മുന്‍നിരയിലേക്ക് വരാന്‍ സാധിക്കാതെ ഒതുങ്ങിപ്പോയപ്പോള്‍, പഞ്ചാബില്‍ വിജയം തൂത്തെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശിരോമണി അകാലി ദളിന്റെയും വോട്ടുബാങ്കുള്‍ ഭിന്നിപ്പിച്ചാണ് പാര്‍ട്ടി അധികാരത്തിലേറിയിരിക്കുന്നത്.

117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയിലെ 92 സീറ്റും സ്വന്തമാക്കിയായിരുന്നു എ.എ.പി കരുത്തുകാട്ടിയത്.

Content Highlight:  Congress MP Manish Tewari thanked Punjab Chief Minister Bhagwant Mann for inviting him to his swearing-in ceremony

We use cookies to give you the best possible experience. Learn more