| Thursday, 8th August 2024, 3:19 pm

'ആമുഖം ഭരണഘടനയുടെ ആത്മാവ്'; എന്‍.സി.ഇ.ആര്‍.ടിയുടെ നടപടി പിന്‍വലിക്കണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണഘടനയുടെ ആത്മാവായ ആമുഖം പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത എന്‍.സി.ഇ.ആര്‍.ടിയുടെ നടപടി പിന്‍വലിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.

‘പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കി. മുമ്പുണ്ടായിരുന്ന പാഠപുസ്തകങ്ങളില്‍ ആമുഖം അച്ചടിച്ചിരുന്നതാണ്. ഭരണഘടനയുടെ ആത്മാവാണ് ആമുഖം. അത് ഭരണഘടനയുടെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന തത്വങ്ങളെ ഉള്‍ക്കൊള്ളുന്നു,’ എന്നാണ് ഖാര്‍ഗെ പറഞ്ഞത്.

വ്യാഴാഴ്ച നടന്ന രാജ്യസഭാ സമ്മേളനത്തിൽ കേന്ദ്ര സർക്കറിനെതിരെ വിമർശനമുയർത്തിയ ഖാർഗെ, സമൂഹ മാധ്യമമായ എക്‌സിലൂടെയും എൻ.സി.ഇ.ആർ.ടിയുടെ നടപടിക്കെതിരെ പ്രതികരിച്ചു.

ബി.ജെ.പിയും ആര്‍.എസ്.എസും ജനങ്ങളുടെ മേല്‍ വര്‍ഗീയ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. അതിനായി കേന്ദ്ര സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ കൃത്രിമത്വം കാണിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. ആമുഖം നീക്കം ചെയ്ത നടപടി വിവാദമായതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, എന്‍.സി.ഇ.ആര്‍.ടിക്കെതിരായ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം.

എന്നാല്‍ ഖാര്‍ഗെയുടെ ആരോപണം കേന്ദ്ര മന്ത്രി നിഷേധിച്ചു. പാഠപുസ്തകങ്ങളില്‍ ആമുഖത്തിന് പുറമെ മൗലികാവകാശങ്ങളും മൗലിക കടമകളും ദേശീയ ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയും ഭരണഘടനയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വിശദീകരണം നല്‍കിയത്. നേരത്തെയും സമാന വാദവുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയിരുന്നു.

ആമുഖത്തില്‍ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും പുതിയ വിദ്യാഭ്യാസ നയത്തിന്റെ കീഴില്‍, ആമുഖത്തിന് പുറമെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്കും കടമകള്‍ക്കും ദേശീയ ഗാനത്തിനും എന്‍.സി.ഇ ആര്‍.ടി പ്രാധാന്യം നല്‍കുകയാണ് ചെയ്തതെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ ന്യായീകരണം.

കുട്ടികളുടെ സമഗ്രവികസനത്തിനായി ഈ ഭാഗങ്ങളെല്ലാം വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസത്തെ കോണ്‍ഗ്രസ് നുണയുടെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. അതിനായി വിദ്യാര്‍ത്ഥികളുടെ സഹായം തേടുന്നത് കോണ്‍ഗ്രസിന്റെ അറപ്പുളവാക്കുന്ന മാനസികാവസ്ഥയെ കാണിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ആരോപിച്ചിരുന്നു.

അതേസമയം മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നാണ് എന്‍.സി.ഇ.ആര്‍.ടി ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയത്. ആറാം ക്ലാസിലെ പഴയ ഹിന്ദി പാഠപുസ്തകമായ ദുര്‍വ, ഇംഗ്ലീഷ് പുസ്തകമായ ഹണി സക്കിള്‍, സയന്‍സ് പാഠപുസ്തകം, മൂന്ന് ഇ.വി.എസ് പുസ്തകങ്ങള്‍ (നമ്മുടെ ഭൂതകാലങ്ങള്‍-I, സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം, ഞാനും ഭൂമിയും നമ്മുടെ ആവാസകേന്ദ്രവും) എന്നിവയുടെ ആദ്യ പേജുകളിലാണ് ഭരണഘടനയുടെ ആമുഖം അച്ചടിച്ചിരുന്നത്.

എന്നാല്‍ പുതിയ പാഠപുസ്തകങ്ങളില്‍ സയന്‍സ് പുസ്തകമായ ക്യൂരിയോസിറ്റിയിലും ഹിന്ദി പുസ്തകമായ മല്‍ഹറിലും മാത്രമാണ് ആമുഖം അച്ചടിച്ചിട്ടുള്ളത്. ഇതിനുപുറമെ മൂന്നാം ക്ലാസിലെ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, ഇ.വി.എസിന് പകരം അവതരിപ്പിച്ച പുതിയ പുസ്തകം ഉള്‍പ്പെടയുള്ളവയില്‍ ആമുഖം അച്ചടിച്ചിട്ടില്ല. എന്നാല്‍ പഴയ ഇ.വി.എസ് പുസ്തകത്തിലും ഹിന്ദി പാഠപുസ്തകമായ റിംജിം 3ലും ആമുഖം നല്‍കിയിരുന്നു.

Content Highlight: Congress MP Mallikarjun Kharge reacts to removal of Preamble of Constitution from textbooks

We use cookies to give you the best possible experience. Learn more