മാര്‍ക്‌സിസ്റ്റ് ഗുണ്ടകളെ സംരക്ഷിക്കാന്‍ മിനിറ്റിന് ലക്ഷങ്ങള്‍ ഫീസ് നല്‍കുമ്പോഴാണ് മധുവിനായി സര്‍ക്കാര്‍ വക്കീല്‍ പോലും എത്താത്തത്: കൊടിക്കുന്നില്‍ സുരേഷ്
Kerala News
മാര്‍ക്‌സിസ്റ്റ് ഗുണ്ടകളെ സംരക്ഷിക്കാന്‍ മിനിറ്റിന് ലക്ഷങ്ങള്‍ ഫീസ് നല്‍കുമ്പോഴാണ് മധുവിനായി സര്‍ക്കാര്‍ വക്കീല്‍ പോലും എത്താത്തത്: കൊടിക്കുന്നില്‍ സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th January 2022, 5:35 pm

കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴചയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ്.

കൊല്ലുന്നവനും അനീതിയുടെ അടുത്ത് നില്‍ക്കുന്നവനും ജയിക്കാനായി ഒരു ഭരണകൂടം ഒന്നാകെ വിധേയപ്പെട്ട് വണങ്ങി നില്‍ക്കുന്ന കാഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതി കിട്ടാതെ എരിഞ്ഞുതീരുകയാണ് ഇവിടെയുള്ള പട്ടിക ജാതി പട്ടിക വര്‍ഗ ജനവിഭാഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

വാളയാറില്‍ പെണ്‍കുട്ടികളുടെ കേസിലും നീതി അട്ടിമറിക്കപ്പെട്ടത് സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് മധുവിന്റെ കേസ് പരിഗണിച്ചപ്പോഴും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്, അന്നും കേസ് അട്ടിമറിക്കാനായി മാത്രം നീതിയുടെ പക്ഷത്തെന്നവകാശപ്പെടുന്ന രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ജനങ്ങളുടെ നികുതിപ്പണം കൈപ്പറ്റി സേവനം നടത്തുന്ന പ്രോസിക്യൂട്ടര്‍ ഹാജരായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ഇപ്പോള്‍ ആദിവാസി, പട്ടിക ജാതി, ദുര്‍ബല വിഭാഗങ്ങളുടെ ജീവിതം മരണത്തിനും അനീതിക്കുമിടയിലെ ഒരു നൂല്‍പ്പാലത്തി ലൂടെയുള്ള യാത്രയാണ്, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധു ജീവിതങ്ങള്‍ ഒടുങ്ങുമ്പോഴും, കെ റെയിലും, പാര്‍ട്ടി സമ്മേളനങ്ങളും, കാരണ ഭൂതന്റെ വാഴ്ത്തുപാട്ടുകള്‍ അടങ്ങിയ തിരുവാതിരയും കൊണ്ട് നിറഞ്ഞ ആഘോഷങ്ങളായി ഭരണം മഹാമാരിയിലും ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞു മുന്നോട്ടു പോകുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിരുന്നു.

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ക്രൂരമായ കൊലകള്‍ നടത്തുന്ന മാര്‍ക്‌സിസ്റ്റ് ഗുണ്ടകളെയും കൊലയാളി സംഘങ്ങളെയും ദല്‍ഹിയില്‍ നിന്നും മിനിറ്റിന് ലക്ഷങ്ങള്‍ ഫീസ് നല്‍കി സുപ്രീം കോടതിയിലെ വക്കീലന്മാരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചു കേസ് നടത്തിപ്പിക്കുന്ന പിണറായി തമ്പുരാന്റെ സ്വന്തം കേരളത്തില്‍ ആദിവാസിയുടെ വിശപ്പ് ഒരു ‘ഭീകര അപരാധമായതിനാല്‍’ പ്രബുദ്ധ മലയാളികള്‍ തല്ലിക്കൊന്നുകളഞ്ഞ അട്ടപ്പാടിയിലെ മധുവിനു നീതി പോയിട്ട് കോടതിയില്‍ സര്‍ക്കാര്‍ വക്കീല്‍ പോലും എത്താത്ത അവസ്ഥയാണുള്ളത്!

പിണറായിയുടെ നവകേരളത്തില്‍ ഇങ്ങനയൊക്കെയാണ് നീതി നടപ്പാക്കപ്പെടുന്നത്, കൊല്ലുന്നവനും അനീതിയുടെ അടുത്ത നില്‍ക്കുന്നവനും ജയിക്കാനായി ഒരു ഭരണകൂടം ഒന്നാകെ വിധേയപ്പെട്ടുവണങ്ങി നില്‍ക്കുന്ന കാഴ്ച! കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് മധുവിന്റെ കേസ് പരിഗണിച്ചപ്പോഴും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്, അന്നും കേസ് അട്ടിമറിക്കാനായി മാത്രം നീതിയുടെ പക്ഷത്തെന്നവകാശപ്പെടുന്ന രണ്ടാം പിണറായി സര്‍ക്കാരില്‍ ജനങ്ങളുടെ നികുതിപ്പണം കൈപ്പറ്റി സേവനം നടത്തുന്ന പ്രോസിക്യൂട്ടര്‍ ഹാജരായില്ല!

ഇതുപോലെതന്നെയല്ലേ വാളയാറില്‍ പെണ്‍കുട്ടികളുടെ കേസിലും നീതി അട്ടിമറിക്കപ്പെട്ടത്? പൊലീസ് മുതല്‍ വിചാരണ വരെ നീളുന്ന അവിശുദ്ധ ഇടപെടലുകള്‍ വഴി പട്ടിക വിഭാഗത്തില്‍ പ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്ന കൊടും കുറ്റവാളികള്‍ കമ്യൂണിസ്റ്റ് കൊടി പിടിച്ചു എന്ന ആനുകൂല്യത്തില്‍ രക്ഷിക്കപെടുന്നത്? അതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ മലിനപ്പെടുത്തിയത്? തങ്ങള്‍ക്കു കേസിനു പിന്നാലെ പോകാന്‍ ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു മധുവിന്റെ അമ്മ മല്ലി ഭരണകൂടത്തിന് മുന്നില്‍ യാചിച്ചിട്ടും അധികാരത്തിന്റെ അഹന്തയില്‍ മതിമറന്നിരിക്കുന്ന പിണറായി സര്‍ക്കാര്‍ ആ യാചന തൃണവല്ഗണിച്ചു, കാരണം മരണപ്പെട്ടത് ആദിവാസിയാണ്, വലിയ പണക്കാരനോ, പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പൗര പ്രമുഖനോ അല്ല!

ഇങ്ങനെയൊക്കെയാണ് രണ്ടാം പിണറായി മന്നന്‍ വാഴുന്ന കേരളത്തില്‍ ഇപ്പോള്‍ ആദിവാസി, പട്ടിക ജാതി, ദുര്‍ബല വിഭാഗങ്ങളുടെ ജീവിതം മരണത്തിനും അനീതിക്കുമിടയിലെ ഒരു നൂല്‍പ്പാലത്തി ലൂടെയുള്ള യാത്രയാണ്, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധു ജീവിതങ്ങള്‍ ഒടുങ്ങുമ്പോഴും, കെ റെയിലും, പാര്‍ട്ടി സമ്മേളനങ്ങളും, കാരണ ഭൂതന്റെ വാഴ്ത്തുപാട്ടുകള്‍ അടങ്ങിയ തിരുവാതിരയും കൊണ്ട് നിറഞ്ഞ ആഘോഷങ്ങളായി ഭരണം മഹാമാരിയിലും ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞു മുന്നോട്ടു പോകുന്നു, നീതികിട്ടാതെ എരിഞ്ഞുതീരാനായിട്ട് ഇവിടെയുള്ള പട്ടിക ജാതി പട്ടിക വര്‍ഗ ജനവിഭാഗങ്ങളും!

CONTENT HIGHLIGHTS:  Congress MP Kodikunnil Suresh has strongly criticized the state government for its failure in the case of the mass beating of Madhu, a tribal youth from Attappadi