| Monday, 28th January 2019, 10:53 pm

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന് തിരിച്ചടി; കോണ്‍ഗ്രസ് എം.പി മൗസം ബേനസീര്‍ നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് എം.പി മൗസം ബേനസീര്‍ നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാല്‍ഡ നോര്‍ത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മൗസം ബേനസീര്‍ നൂര്‍.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് മൗസം തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പിയെ നേരിടാനായി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മൗസം നൂര്‍ പറഞ്ഞു.


തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്ന നിലപാടുള്ള എം.പിയായിരുന്നു മൗസം നൂര്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എ.ബി.എ ഗനിഘാന്‍ ചൗധരിയുടെ മരുമകളാണ് മൗസം.

“ജനങ്ങള്‍ക്ക് അവരെ ഇഷ്ടമാണ്. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഗൗരവമായി കാണുന്നത് മമതയാണ്. ബംഗാളിലെ ജനങ്ങളുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തിനായി അവര്‍ പരിശ്രമിക്കുന്നുവെന്നും” നൂര്‍ പറഞ്ഞു.

39 കാരിയായ മൗസം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നേരിട്ട് കണ്ട ശേഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നവിവരം പ്രഖ്യാപിച്ചത്.


also read:  മതേതരത്വമാണ് എന്റെ ദേശം: എം മുകുന്ദന്‍


മൗസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാല്‍ഡ നോര്‍ത്തില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. മുര്‍ഷിദാബാദ് അടക്കമുള്ള ജില്ലകളിലെ പ്രചാരണ ചുമതലയും മൗസത്തിന് ആയിരിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.

We use cookies to give you the best possible experience. Learn more