ഗുവാഹത്തി: അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള വിജയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. എ പ്ലസ് പ്രകടനം പ്രതീക്ഷിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ നേരിട്ടത് ബി മൈനസ് ക്യാമ്പയിനുകളാണെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ മുഴുവന്‍ ബി.ജെ.പി പ്രചരണങ്ങളും പാളിയെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു.
ബി.ജെ.പി ഭരണത്തിനെതിരെ സംസ്ഥാന-ദേശീയ തലത്തില്‍ രോഷം പ്രകടിപ്പിക്കാന്‍ കഴിയുന്ന ശക്തമായ വേദിയാണ് കോണ്‍ഗ്രസെന്നും ഗൗരവ് ചൂണ്ടിക്കാട്ടി. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു പരാമര്‍ശം.
‘അസമില്‍ ബി.ജെ.പിയുടെ നിരാശാജനകവും ദുര്‍ബലവുമായ പ്രകടനമാണ് ഞാന്‍ കണ്ടത്. ശക്തമായ ആക്രമണം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് അതിനെ കനത്ത ഭാഷയില്‍ പ്രതിരോധിക്കാന്‍ താന്‍ തയ്യാറെടുത്തിരുന്നു,’ ഗൗരവ് ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പിലും അസമിലെ ജനങ്ങള്‍ ഗുജറാത്ത് മോഡലിനെ കുറിച്ചാണ് സംസാരിച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്കാണ് വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കിയത്. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന അസമിലെ ജനങ്ങള്‍ക്കിടയില്‍ മോദിക്ക് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു. ജോര്‍ഹട്ടില്‍ ബി.ജെ.പി ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെന്നും ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി.
ഈ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കും ബി.ജെ.പിക്കും പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ എന്‍.ഡി.എ സഖ്യത്തിന് പ്രതീക്ഷിച്ച രീതിയില്‍ സംസ്ഥാനത്ത് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ എന്താണോ ബി.ജെ.പിയെ തിരിച്ചടിച്ചത് അതുതന്നെയാണ് അസമിലും പ്രവര്‍ത്തിച്ചതെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് പോലും വിജയപ്രതീക്ഷ വെച്ചിരുന്ന മണ്ഡലമായിരുന്നില്ല ജോര്‍ഹട്ട്. എന്നാല്‍ 1.44 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗൗരവ് ഗൊഗോയ് ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നേടിയ മൂന്ന് സീറ്റുകളില്‍ ഒന്നാണ് ജോര്‍ഹട്ട്. അതേസമയം ബി.ജെ.പി ഒമ്പത് സീറ്റ് നേടി സംസ്ഥാനത്തെ ഒറ്റക്കക്ഷിയായി.
Content Highlight: Congress MP Gaurav Gogoi reacts to the victory from Jorhat in Assam