ന്യൂദല്‍ഹി: ഒളിമ്പിക്‌സ് മത്സരവുമായി ബന്ധപ്പെട്ട് ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം.പി.
മെഡല്‍ നേടിയാല്‍ വിനേഷ് ഫോഗട്ടിനെ രാജ്യം ആദരിക്കേണ്ടി വരുമെന്ന ഘട്ടം വന്നെന്നും അത് ഇഷ്ടപ്പെടാത്ത ചിലരുണ്ടെന്നും മെഡല്‍ നേടാതിരിക്കാന്‍ ഗൂഢാലോചന നടന്നെന്നുമാണ് കോണ്‍ഗ്രസ് എംപി ബല്‍വന്ത് വാങ്കഡെ പറഞ്ഞത്
മുന്‍ ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട് പ്രതിഷേധിച്ചത് ആരും മറന്നിട്ടില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
‘ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ വാര്‍ത്തയാണ്. ഇതിന് പിന്നില്‍ ചില ഗൂഢാലോചനയുണ്ട്. വിനേഷ് ജന്തര്‍ മന്തറില്‍ സമരം നടത്തിയെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. അവള്‍ക്ക് നീതി ലഭിച്ചില്ല, ഇപ്പോള്‍ അവള്‍ വിജയിച്ചാല്‍ അവരെ രാജ്യം ആദരിക്കേണ്ടി വരുമായിരുന്നു. അത് ഇഷ്ടപ്പെടാത്ത ചിലര്‍ ഇവിടെയുണ്ട്,’ എം.പി പറഞ്ഞു.
ലൈംഗികാരോപണ കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ച വ്യക്തിയായിരുന്നു വിനേഷ് ഫോഗട്ട്. അറസ്റ്റിന്റെ ഭാഗമായി ദല്‍ഹിയിലെ നിരത്തിലൂടെ അവരെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തനിക്ക് കിട്ടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് വരെ ഫോഗട്ട് പറഞ്ഞിരുന്നു.
വിവാദത്തിന് പിന്നാലെ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അദ്ദേബഹത്തിന്റെ മകനെ മത്സരിപ്പിച്ച് വിജയിപ്പിച്ചിരുന്നു.
ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ ഇനത്തില്‍ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് തിരിച്ചടിയായത്.
ഈ തീരുമാനത്തില്‍ പുനഃപരിശോധന നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ നടപടിക്കെതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ അവസാന സ്ഥാനമായിരിക്കും ഫോഗട്ടിന് നല്‍കുക.
കഴിഞ്ഞ ദിവസമാണ് 50 കിലോഗ്രാം ഫ്രിസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് വിജയിച്ചത്. ഉക്രൈനിന്റെ ഒക്‌സാന ലിവാച്ചിനെ 7-5 എന്ന സ്‌കോറിനായിരുന്നു വിനേഷ് പരാജയപ്പെടുത്തിയിരുന്നത്, റൗണ്ട് ഓഫ് 16ല്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ യുയി സുസാസ്‌കിയെ വിനേഷ് പരാജയപ്പെടുത്തിയിരുന്നു.
നാല് തവണ ലോക ചാമ്പ്യനും നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ആയിരുന്നു സുസാക്കി. പിന്നീട് ഉക്രൈന്‍ താരത്തെയും ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനെയും വീഴ്ത്തിയാണ് വിനേഷ് ഫൈനലിലേക്ക് മുന്നേറിയത്.
ഇന്ന് രാത്രി നടക്കാനിരുന്ന ഫൈനലില്‍ യു.എസ്.എയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു വിനേഷ് ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ കലാശപ്പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.
Content Highlight: Congress MP claims ‘conspiracy over protest’ behind Vinesh Phogat’s medal loss