| Tuesday, 3rd September 2024, 10:04 pm

വസ്ത്രാക്ഷേപം നേരിട്ട ദ്രൗപതിക്ക് തുല്യമാണ് മണിപ്പൂര്‍, നോക്കി ചിരിക്കാന്‍ കേന്ദ്രവും: കോണ്‍ഗ്രസ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് എം.പി അംഗോംച ബിമല്‍ അകോയ്ജാം. തങ്ങള്‍ നേരിട്ട പ്രതിസന്ധിയ്ക്ക് പിന്നില്‍ കേന്ദ്രമാണെന്നും ബിമല്‍ അകോയ്ജാം പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതിഗതികളോട് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിസംഗത കാണിക്കുകയാണ്. കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണ പോലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും അകോയ്ജാം ചൂണ്ടിക്കാട്ടി.

അപമാനകരമായ നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മഹാഭാരത്തില്‍ കൗരവ സഭയില്‍ ദ്രൗപതി എന്ത് അപമാനമാണോ നേരിട്ടത്, അതിനോട് സമാനമായ അവസ്ഥയിലാണ് മണിപ്പൂരെന്നും അദ്ദേഹം പറഞ്ഞു. കൗരവസഭയില്‍ ദ്രൗപതി കരഞ്ഞപ്പോള്‍ സഭയിലുണ്ടായിരുന്നവര്‍ ചിരിക്കുകയായിരുന്നു. അതുപോലെയാണ് കേന്ദ്ര സര്‍ക്കാരും പ്രതിനിധികളും സംസ്ഥാനത്തെ നോക്കി ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് എം.പി ചൂണ്ടിക്കാട്ടി.

തങ്ങളും ഇന്ത്യന്‍ പൗരന്മാരാണ്. ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട് മുന്നോട്ടുപോകാന്‍. നിങ്ങളുടെ ഈ പരിഹാസ ചിരി അപമാനത്തിന് തുല്യമാണെന്നും ബി.ജെ.പി സര്‍ക്കാരിനോട് അകോയ്ജാം പറഞ്ഞു.

സംസ്ഥാനത്തെ രണ്ട് ലോക്സഭാ സീറ്റുകളിലും ബി.ജെ.പിക്കുണ്ടായ തോല്‍വി മോദിക്ക് ലഭിച്ച ജനപ്രീതിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് വിജയിക്കുമെന്ന് പരിശോധിക്കണം. കൂടാതെ മുഖ്യമന്ത്രി ബീരേന്‍ സിങ് പാര്‍ട്ടി മുതലാളിമാരെ കേട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

നേരത്തെ മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിയാത്തതില്‍ അകോയ്ജാം ലോക്‌സഭയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചതിന് ശേഷം ദേശീയത പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്തെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് മണിപ്പൂര്‍. എന്നിട്ടും സംസ്ഥാനത്തുണ്ടായ കലാപത്തില്‍ 60,000ല്‍ അധികം ആളുകള്‍ ഭവനരഹിതരായെന്നും 200 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും അദ്ദേഹം ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2023 മെയ് മുതലാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ഇതുവരെ രാജ്യത്തിന്റെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. പാര്‍ലമെന്റില്‍ മണിപ്പൂരിനെ കുറിച്ച് ഒരു തവണ പോലും ഉരിയാടിയതുമില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ച് വേണ്ടത് ചെയ്യുന്നുണ്ടെന്നാണ് വിമര്‍ശനങ്ങള്‍ക്ക് ബി.ജെ.പി നല്‍കുന്ന വിശദീകരണം.

കേന്ദ്രത്തിന്റെ നിലപാടിനെതിരെ ഇന്ത്യാ സഖ്യം രംഗത്തെത്തിയതോടെ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി ബീരേന്‍ സിങ് ജൂലൈയില്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് കലാപം തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

Content Highlight: Congress MP Angomcha Bimal Akoyjam wants central government to take full responsibility for Manipur riots

We use cookies to give you the best possible experience. Learn more