കൊവിഡ് 19 വ്യാപനത്തെ തടയുന്നതിന് വേണ്ടി രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലാളികളെ പുറത്താക്കരുതെന്നും ശമ്പളം വെട്ടിക്കുറക്കരുതെന്നും ഉടമകളോട് ആവശ്യപ്പെടണമെന്ന് വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറിനോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി. പല പ്രമുഖ ഇംഗ്ലീഷ്, ഹിന്ദി മാധ്യമസ്ഥാപനങ്ങളിലും തൊഴിലാളികളെ പിരിച്ചു വിടുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മനീഷ് തിവാരി മന്ത്രിക്ക് കത്ത് നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിന് ലോക്ഡൗണ്‍ ഒരു കാരണമായി മാധ്യമസ്ഥാപനങ്ങള്‍ എടുക്കരുതെന്ന് മുന്‍ വാര്‍ത്ത വിതരണ മന്ത്രി കൂടിയായ മനീഷ് തിവാരി പറഞ്ഞു.
എനിക്ക് മനസ്സിലാവും വളറെ ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് കടന്നുപോവുന്നതെന്ന്. പക്ഷെ കൊവിഡ് മഹാമാരിയും അതിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണും ആളുകളെ പിരിച്ചുവിടാനുള്ള കാരണമാക്കരുത്. മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളൂ ലോക്ഡൗണ്‍ ആരംഭിച്ചിട്ടെന്ന് മനസ്സിലാക്കുകയും വേണമെന്നും മനീഷ് തിവാരി പറഞ്ഞു
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി മാധ്യമപ്രവര്‍ത്തകരെ പല സ്ഥാപനങ്ങളും പിരിച്ചുവിടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഔട്ട്‌ലുക്ക് മാസിക പ്രിന്റ് എഡിഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് തങ്ങളുടെ മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറച്ചു.
ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് നാഷന്‍ തങ്ങളുടെ ഇംഗ്ലീഷ് ഡിജിറ്റല്‍ ടീമിനെ പൂര്‍ണ്ണമായും ഒഴിവാക്കി. 15 മാധ്യമപ്രവര്‍ത്തകരെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് യാതൊരു തരത്തിലുള്ള മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ സണ്‍ഡെ മാഗസിന്‍ ടീമിനെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് ആരോപണമുയര്‍ന്നു. ദ ക്വിന്റ് തങ്ങളുടെ പകുതിയോളം തൊഴിലാളികളോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ശമ്പളമില്ലാത്ത അവധിയാണ് ക്വിന്റ് നിര്‍ദേശിച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ