സിംഗു അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ ആക്രമണം; തലപ്പാവ് വലിച്ചൂരി, ക്രൂരമായി മര്‍ദ്ദിച്ചു
national news
സിംഗു അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ ആക്രമണം; തലപ്പാവ് വലിച്ചൂരി, ക്രൂരമായി മര്‍ദ്ദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th January 2021, 8:54 am

ഛണ്ഡീഗഢ്: ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്രമണം. ലുധിയാന എം.പി രവ്‌നീത് സിംഗ് ബിട്ടു, അമൃത്സര്‍ എം.പി ഗുര്‍ജീത് സിംഗ് ഔജ്‌ല, എം.എല്‍.എ കുല്‍ബീര്‍ സിംഗ് സിറ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഗുരു തേഗ് ബഹാദൂര്‍ ജി മെമ്മോറിയല്‍ മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇവരെ ഒരു കൂട്ടം ആളുകളെത്തി ആക്രമിച്ചത്.

‘സാമൂഹ്യവിരുദ്ധരായ ചിലരെത്തി ഞങ്ങള്‍ മൂന്നു പേര്‍ക്കുമെതിരെ അതിഭീകരമായ ആക്രമണം നടത്തുകയായിരുന്നു. കൊലപാതകശ്രമം തന്നെയായിരുന്നു അത്. എന്നെ അവര്‍ മര്‍ദ്ദിച്ചു. തലപ്പാവ് വലിച്ചൂരി. അവര്‍ എന്തിനാണ് ഞങ്ങളെ ആക്രമിച്ചതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ‘ രവ്‌നീത് സിംഗ് പറഞ്ഞു.

ആക്രമണം കണ്ടെത്തിയ ചിലര്‍ കോണ്‍ഗ്രസ് നേതാക്കളെ അക്രമികളില്‍ നിന്ന് രക്ഷിച്ച് വാഹനത്തിലെത്തിക്കാന്‍ ശ്രമിച്ചു. പക്ഷെ രവ്‌നീത് സിംഗ് എത്തിയ വാഹനത്തിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തിരുന്നു. പിന്നീട് കൂടുതല്‍ ആളുകളെത്തി കോണ്‍ഗ്രസ് നേതാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.

ഗുര്‍ജീത് സിംഗും കുല്‍ബീര്‍ സിംഗും കര്‍ഷകപ്രതിഷേധത്തിന് പിന്തുണയറിയിച്ചുകൊണ്ട് ജന്തര്‍ മന്തറില്‍നാളുകളായി സമരം നടത്തിവരുന്നുണ്ട്. ഇതാണോ അക്രമത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. സാമൂഹ്യവിരുദ്ധരായ ചിലരെത്തി ആക്രമണം നടത്തിയെന്ന് മാത്രമാണ് രവ്‌നീത് സിംഗിന്റെ പ്രസ്താവനയില്‍ പറയുന്നത്. കര്‍ഷകര്‍ ഒരിക്കലും ഈ ആക്രമണം നടത്തില്ലെന്നും രവ്‌നീത് കൂട്ടിച്ചേര്‍ത്തു.

അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പൊലീസിന്റെ വിശദീകരണവും പുറത്തുവന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress MP Allegedly Assaulted At Singhu Border, Turban Pulled Off