| Monday, 2nd December 2024, 10:44 pm

'നമ്മളെന്താ മുയലുകളോ'; ജനസംഖ്യ നിയന്ത്രണത്തിനെതിരായ മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനസംഖ്യ നിയന്ത്രണത്തിനെതിരായ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രാജ്യസഭാ എം.പി രേണുക ചൗധരി. കുട്ടികള്‍ക്ക് ജന്മം കൊടുത്തുകൊണ്ടിരിക്കാന്‍ ‘നമ്മള്‍ എന്താ മുയലുകളോ’ എന്നാണ് കോണ്‍ഗ്രസ് എം.പി ചോദിച്ചത്.

രാജ്യത്തെ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വീതം ഉണ്ടാകണമെന്ന മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിനെതിരെയാണ് രേണുക പ്രതികരിച്ചത്.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുകയാണ്. തൊഴിലില്ലാത്ത ഒരാള്‍ക്ക് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വിവാഹം ചെയ്ത് നല്‍കില്ലെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞതായി ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലില്ലാത്ത ഒരു ജനതയ്ക്ക് എങ്ങനെ മൂന്ന് കുട്ടികളെയെല്ലാം പോറ്റാന്‍ കഴിയും. പ്രായമായ മാതാപിതാക്കള്‍ ജോലിയെടുത്ത് മക്കളെ നോക്കുന്ന അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ് മേധാവിയുടെ നിര്‍ദേശമെന്നും രേണുക ചൗധരി പറഞ്ഞു.

ഇന്ത്യയിലെ വിലക്കയറ്റവും രാജ്യത്തെ സാധാരണക്കാരായ ആളുകളിലും കുടുംബങ്ങളിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് എം.പി പ്രതികരിച്ചു. ഒരു കുടുംബത്തിലെ ഒരാളെ അപ്രതീക്ഷിതമായോ മറ്റോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നാല്‍ വഹിക്കേണ്ടി വരുന്നത് വലിയ ചെലവാണെന്നും രേണുക പറഞ്ഞു.

ഇന്നലെയാണ് നാഗ്പൂരില്‍ നടന്ന യോഗത്തിനിടെ മോഹന്‍ ഭഗവത് വിവാദ പരാമര്‍ശം നടത്തിയത്. ജനസംഖ്യ നിയന്ത്രണം രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് ആര്‍.എസ്.എസ് മേധാവി പറഞ്ഞത്.

ജനസംഖ്യ 2.1 എന്ന ഫെര്‍ട്ടിലിറ്റി നിരക്കിലും താഴെയാകുന്നത് വംശനാശത്തിന്റെ ലക്ഷണമായാണ് ആധുനിക ജനസംഖ്യ പഠനങ്ങള്‍ വിലയിരുത്തുന്നതെന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു.

എന്നാല്‍ ആര്‍.എസ്.എസ് മേധാവിയുടെ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള രാജ്യത്തെ ആര്‍.എസ്.എസ് നേതാക്കള്‍ ആദ്യം വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

ജനസംഖ്യ നിയന്ത്രണ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും എന്നാല്‍ അവയ്ക്ക് കടിഞ്ഞാണ്‍ ഇടുന്നത് ബി.ജെ.പിയുടെ മാതൃസംഘടനായ ആര്‍.എസ്.എസാണെന്നും വിമര്‍ശനമുണ്ട്.

Content Highlight: Congress MP against Mohan Bhagwat’s remarks in population control

We use cookies to give you the best possible experience. Learn more