| Sunday, 4th March 2018, 12:24 pm

ബി.ജെ.പിയെ കടത്തിവെട്ടി ചടുലനീക്കവുമായി കോണ്‍ഗ്രസ്; മേഘാലയയില്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: മേഘാലയയില്‍ അധികാരത്തിലെത്താന്‍ ചടുലനീക്കവുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്. ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ട് മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന അവകാശവാദം കോണ്‍ഗ്രസ് ഉന്നയിച്ചു. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് നോക്കിനില്‍ക്കെ ബി.ജെ.പി ഇതേ നീക്കത്തിലൂടെയാണ് അധികാരം പിടിച്ചെടുത്തത്.

ഇന്നലെ രാത്രി വൈകിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. പ്രാദേശിക കക്ഷികളെ ചാക്കിലാക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ നീക്കം.

“സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആദ്യ അവസരം ഞങ്ങള്‍ക്കു നല്‍കണമെന്ന് ഞങ്ങള്‍ ഗവര്‍ണറോടു പറഞ്ഞു. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിക്കണമെന്ന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട്.” -മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് എന്‍.ഡി.ടി.വിയോടു പറഞ്ഞു.

മേഘാലയയില്‍ തൂക്കുസഭയാണെന്നും കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നുമുള്ള വാര്‍ത്ത ഇന്നലെ പുറത്തുവന്ന ഉടന്‍ രാജ്യസഭാംഗമായ അഹമ്മദ് പട്ടേലും കമല്‍നാഥും ഷില്ലോങ്ങിലേക്ക് തിരിച്ചിരുന്നു. ഫലം പ്രഖ്യാപിച്ച 59 സീറ്റുകളില്‍ 21 എണ്ണമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. കേവലഭൂരിപക്ഷത്തിനായി വേണ്ടത് 31 സീറ്റുകളാണ്. 10 പേരുടെ പിന്തുണ കൂടിയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം ലഭിക്കും.

തങ്ങളെ ക്ഷണിക്കുകയാണെങ്കില്‍ കേവല ഭൂരിപക്ഷവുമായി എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും കമല്‍നാഥ് പ്രകടിപ്പിച്ചു. എന്നാല്‍ പിന്തുണ അറിയിച്ചുകൊണ്ടുള്ള എം.എല്‍.എമാരുടെ കത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കിയിട്ടില്ല.

We use cookies to give you the best possible experience. Learn more