ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചു.
ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റാഫേല്‍ കരാറിലെ ഇടപാടുകള്‍ രഹസ്യമാണെന്നും ഇക്കാര്യം വെളിപ്പെടുത്താന്‍ ആവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി.
അതേസമയം, 2008ല്‍ യു.പി.എ ഭരണകാലത്ത് ഒപ്പിട്ട കരാറിന് രഹസ്യ സ്വഭാവമില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇക്കാര്യത്തില്‍ മോദിയും നിര്‍മലാ സീതാരാമനും സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച അവകാശ ലംഘന നോട്ടീസ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് ബി.ജെ.പിയും അവകാശ ലംഘന നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫ്രാന്‍സുമായുള്ള റാഫേല്‍ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സുതാര്യ ഇടപാടാണെന്നും എന്നാല്‍ ഇതിനെ പ്രതിപക്ഷം വളച്ചൊടിച്ചെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നും തെളിവുകള്‍ പോലുമില്ലാതെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.