national news
സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി കോണ്‍ഗ്രസ്; രാജ്യവ്യാപക പ്രതിഷേധത്തിനും ഇന്ന് തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 29, 02:59 am
Wednesday, 29th March 2023, 8:29 am

ന്യൂദല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കവുമായി കോണ്‍ഗ്രസ്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെ സ്പീക്കര്‍ പൂര്‍ണമായി നിരാകരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കണമെന്ന ആവശ്യം നിരസിച്ചു, അദാനി വിഷയത്തില്‍ ജെ.പി.സി അന്വേഷണം എന്ന ആവശ്യത്തെ നിഷേധിക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യതാ വിഷയത്തില്‍ ദ്രുതഗതിയിലുള്ള നടപടികളാണ് സ്പീക്കര്‍ സ്വീകരിച്ചത് മുതലായ വിഷയങ്ങളുന്നയിച്ചാണ് സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഉടന്‍ ചര്‍ച്ച നടത്തും. ഇന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തില്‍ സാധ്യമായ എല്ലാ പ്രതിഷേധങ്ങളുമുയര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായ സമര പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്. ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ജയ്ഭാരത് സത്യാഗ്രഹം എന്ന പരിപാടി ഇന്ന് കോണ്‍ഗ്രസ് ആരംഭിക്കും.

ജയ്ഭാരത് സത്യാഗ്രഹത്തിന്റെ ഭാഗമായി മണ്ഡലം, ജില്ലാ തലങ്ങളില്‍ പ്രതിേഷധങ്ങള്‍ സംഘടിപ്പിക്കും. രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ പൊലീസ് വിലക്ക് മറികടന്ന് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നിരവധി കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, കേരളത്തില്‍ നിന്നുള്ള എം.പിമാരായ ജെബി മേത്തര്‍, ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മോദി എന്ന പേരുമായി ബന്ധപ്പെട്ട് 2019ല്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിലാണ് അദ്ദേഹം കുറ്റക്കാരനാണെന്ന് സൂറത് കോടതി വിധിച്ചിരുന്നു. പിന്നാലെ രാഹുലിന്റെ എം.പി സ്ഥാനം റദ്ദാക്കി അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു.

Content Highlights: Congress moves no-confidence motion against Speaker